ബാഹുബലി ഒന്നാം ഭാഗത്തിൽ പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥാപാത്രമാണ് കാലകേയനും കിലികിലി ഭാഷയും. കാലകേയനായി തിളങ്ങിയ പ്രഭാകർ ദിലീപിനൊപ്പം അഭിനയിക്കുകയാണ്. ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിലാണ് പ്രഭാകർ അഭിനയിക്കുന്നത്.നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകർ എത്തിയിരുന്നു.

ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ദിലീപിന്റെ മുന്നിൽ വെച്ച് പ്രഭാകർ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.ദിലീപ് ഫാൻസുകാരാണ് ഈ വീഡിയോ പുറത്ത് വിട്ടത്.

ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.ദിലീപ് ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. വയാകോം മോഷൻ പിക്‌ചേർസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ഇത്. പ്രിയ ആനന്ദ്, മമത മോഹൻദാസ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ദിലീപ് രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ത്രീഡി ചിത്രം പൂർത്തിയാക്കും. ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്.