കൊച്ചി: പരസ്യ സംവിധായകൻ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ കാലകേയനും അഭിനയിക്കും. ബാഹുബലി ഒന്നിലൂടെ വ്യത്യസ്ഥ വേഷത്തിൽ എത്തിയ തെലുങ്ക് നടൻ പ്രഭാകറാണ് മമ്മൂട്ടി ചിത്രത്തിലെ വില്ലൻ. ജയിൽ കേന്ദ്രീകരിച്ചുള്ള റിയലിസ്റ്റിക് ത്രില്ലർ സ്വഭാവമുള്ള സിനിമയ്ക്കു പരോൾ എന്നാണു പേരിട്ടിരിക്കുന്നത്. മലയാളത്തിൽ പ്രഭാകറിന്റെ അരങ്ങേറ്റ ചിത്രമാണ് ഇത്.

അജിത് പൂജപ്പുരയാണു തിരക്കഥ. ബംഗളൂരുവിനു പുറമേ കേരളത്തിലും സിനിമ ചിത്രീകരിക്കും. ജയിൽ സീക്വൻസുകളാണു ബംഗളൂരുവിൽ ചിത്രീകരിക്കുന്നത്. ആന്റണി ഡിക്രൂസ് എന്റർടെയ്ന്മെന്റിന്റെയും ജെ.ജെ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ജൂഡ് സുധീറും ജൂബി നൈനാനും ചേർന്നാണു നിർമ്മാണം. മിയയാണ് ചിത്രത്തിലെ നായിക. മിയയെക്കൂടാതെ മറ്റൊരു നായികയും ചിത്രത്തിലുണ്ടെന്നാണു സൂചന.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യചിത്രങ്ങൾ മമ്മൂട്ടിയെ വച്ചു സംവിധാനം ചെയ്തിട്ടുള്ളയാളാണു ശരത് സന്ദിത്. ദ ഗ്രേറ്റ് ഫാദർ, സ്ട്രീറ്റ് ലൈറ്റ് എന്നിവയ്ക്കു പിന്നാലെ മമ്മൂട്ടി നായകനാകുന്ന ത്രില്ലർ എന്ന പ്രത്യേകതയും പരോളിനുണ്ട്. ആക്ഷൻ ഹീറോ ബിജു ഫെയിം അരിസ്റ്റോ സുരേഷ് ലൊക്കേഷനിൽ ആലപിച്ച പരോൾ കാലം എന്ന പാട്ടിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിനു പേര് നല്കിയത്.