ന്ത്യയിൽ സിനിമാ ചരിത്രത്തിൽ പുതിയൊരു ചരിത്രമാണ് എസ്.എസ്. രാജമൗലിയുടെ ബാഹുബലി എഴുതിച്ചേർത്തത്. ആ ചരിത്രവിജയത്തെ പിന്തള്ളാൻ ഒരുങ്ങുകയാണ് ബാഹുബലി രണ്ടാം ഭാഗം. ട്രെയിലർ പുറത്തിറങ്ങിയതോടെ വീണ്ടും രാജ്യം മുഴുവൻ ബാഹുബലി ചർച്ചകളിലേക്ക് മുഴുകിയിരിക്കുകയാണ്. ഇതിന് തെളിവായി സിനിമയുടെ പ്രീ-റിലീസ് ഇവന്റ്.

ലൈവ് സ്ട്രീമിലൂടെ സംപ്രേഷണം ചെയ്ത പ്രീ-റിലീസ് കണ്ടത് ലക്ഷക്കണക്കിനാരാധകർ. പ്രഭാസും റാണ ദഗ്ഗുബട്ടിയും അനുഷ്‌ക ഷെട്ടിയും തമ്മന്നയും സത്യരാജും രമ്യ കൃഷ്ണനും ഉൾപ്പെടെ സിനിമയിലെ അഭിനേതാക്കളെല്ലാം പ്രീ റിലീസ് ചടങ്ങിലെത്തിയിരുന്നു. സിനിമയുടെ അണിയറപ്രവർത്തകരും പങ്കെടുത്തു. അഞ്ചുവർഷമായി ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തവരെയെല്ലാം ഒറ്റവേദിയിൽ കൊണ്ടുവന്ന ചടങ്ങായിരുന്നു ഇത്.

സംവിധായകൻ രാജമൗലിയും നിർമ്മാതാക്കളായ ഷോഭുവും പ്രസാദും അതിന്റെ ആഹ്ലാദം മറച്ചുവെച്ചില്ല. ചടങ്ങിൽ പങ്കെടുത്തവരെല്ലാം സെറ്റിൽ ഓരോരുത്തർക്കുമുണ്ടായ അനുഭവത്തെക്കുറിച്ചാണ് സംസാരിച്ചത്. ഈ സിനിമ യാഥാർഥ്യമാകുന്നതിന് വേണ്ടി അവർ കാണിച്ച ക്ഷമയും അർപ്പണവും ഓരോരുത്തരുടെയും വാക്കുകളിൽ നിറഞ്ഞുനിന്നു. ഈ സിനിമയ്ക്ക് പണം മുടക്കാൻ തയ്യാറായ ഷോഭുവിന്റെയും പ്രസാദിന്റെയും ധൈര്യത്തെയും അവരെല്ലാം പ്രകീർത്തിച്ചു.

 

ജീവിതത്തിലെ അഞ്ചുവർഷം ഈ സിനിമയ്ക്കുവേണ്ടി മാറ്റിവെച്ച പ്രഭാസിന്റെ അർപ്പണത്തെക്കുറിച്ചാണ് രാജമൗലി ചടങ്ങിൽ സംസാരിച്ചത്. ആ കഠിനാധ്വാനത്തിന്റെ ഫലമായി പ്രഭാസ് രാജ്യമെമ്പാടും നായകനായി മാറിയെന്നും സംവിധായകൻ പറഞ്ഞു. തന്നെ കാണാൻ രണ്ടുവർഷമായി കാത്തിരിക്കുന്ന ആരാധകർക്ക് നന്ദി പറയാനായാണ് പ്രഭാസ് ഈ അവസരം വിനിയോഗിച്ചത്.

ബാഹുബലി ഒന്നാം ഭാഗത്തിന്റെ വിജയാഘോഷമായാണ് ഈ പ്രീ റിലീസ് ചടങ്ങ് മാറിയത്. രണ്ടാം ഭാഗം ഏപ്രിൽ 28-നാണ് പുറത്തിറങ്ങുന്നത്. ആദ്യഭാഗത്തെ വെല്ലുന്ന വിജയമാകും രണ്ടാം ഭാഗത്തിനെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴുണ്ടായ ആവേശം തെളിയിക്കുന്നത്. തെലുങ്കിന് പുറമെ, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന സിനിമയ്ക്കായി രണ്ടുവർഷമായി പ്രേക്ഷകരും അക്ഷമരായി കാത്തിരിക്കുകയാണ്.