സ്എസ് രാജമൗലിയുടെ ബാഹുബലി തിയേറ്ററിലെത്തിയെത്തിയിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞു. 2015 ജൂലൈ പത്തിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഈ സിനിമ ഇന്ത്യൻ സിനിമയിലെ ചരിത്രം കുറിച്ച ചിത്രമായി മാറുകയും ചെയ്തു. സിനിമയുടെ റിലീസിംഗിന് ഒരു വർഷം തികഞ്ഞ വേളയിൽ ഇതുവരെ ആരും കാണാത്ത ചിത്രത്തിന്റെ മേക്കിങ്ങ് ദൃശ്യങ്ങൾ അണിയറക്കാർ പുറത്തുവിട്ടു. ഈ വർഷം ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തുവരാനിരിക്കേയാണ് സിനിമയുടെ ചിത്രീകരണ രംഗങ്ങളുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടത്.

തീയറ്ററിൽ ആളുകൾ അമ്പരന്നിരുന്ന യുദ്ധരംഗങ്ങളുടെ ചിത്രീകരണമാണ് ഇതിൽ ഏറെ ശ്രദ്ധേയമായത്. വാൾപ്പയറ്റ് പരിശീലിക്കുന്ന പ്രഭാസും റാണാ ദഗുബട്ടിയും, തമന്നയുടെ അമ്പെയ്ത്ത് ദൃശ്യം എന്നിവയെല്ലാം വീഡിയോയിലുണ്ട്. പ്രഭാസിന്റെ കഥാപാത്രം കട്ടപ്പയുടെ വാൾ ഉപയോഗിച്ച് രാജകുമാരന്റെ തല കൊയ്തതെങ്ങനെയെന്നും വീഡിയോയിൽ വ്യക്തമാകും.

പ്രഭാസ്, റാണാ ദഗുബട്ടി, അനുഷ്‌ക, തമന്ന എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ ലോകം.