ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി നൽകിയ യുവതി ബ്ലാക്ക്‌മെയിലിന് ശ്രമിച്ചെന്ന് അഭിഭാഷകൻ കോടതിയിൽ. പരാതി പിൻവലിക്കുന്നതിന് യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് അസമിന്റെ അഭിഭാഷകൻ കേസ് പരിഗണിക്കവെ ലാഹോർ കോടതിയിൽ അറിയിച്ചു. വിചാരണ നീട്ടിക്കൊണ്ടു പോകാൻ യുവതി ശ്രമിച്ചതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

കേസ് കോടതി പരിഗണിച്ചപ്പോഴാണ് ബാബറിന്റെ അഭിഭാഷകൻ യുവതി പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ചത്. പരാതി പിൻവലിക്കുന്നതിന് ആദ്യം ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിന് സമ്മതിക്കാതിരുന്നപ്പോൾ 20 ലക്ഷം രൂപ ചോദിച്ചു. എന്നാൽ 'ചില്ലിക്കാശ്' പോലും നൽകില്ലെന്ന് തന്റെ കക്ഷി (ബാബർ അസം) പരാതിക്കാരിയെ അറിയിച്ചെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രശസ്തനായ തന്റെ കക്ഷിയെ അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്നീട് പരിഗണിക്കുമെന്നും യുവതിയുടെ അഭിഭാഷകൻ ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.

സ്‌കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട യുവതി, കഴിഞ്ഞ മാസം അവസാനമാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. 10 വർഷം മുൻപ് അസം തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് യുവതി വെളിപ്പെടുത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്നതോടെ അസം വാക്കു മാറ്റിയെന്നും യുവതി ആരോപിച്ചു.

തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബർ അസമിനെ സഹായിച്ചിരുന്നത് താനാണ്. എന്നാൽ, ലോകമറിയുന്ന താരമായി വളർന്നതോടെ ബാബർ അസം ചതിച്ചെന്നു യുവതി വെളിപ്പെടുത്തി. പ്രത്യേകം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലൂടെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്. പരാതിയുമായി നിയമപരമായി നീങ്ങുകയും ചെയ്തു. നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകനാണ് ബാബർ അസം.