- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ്ജ് സ്കൂളിൽ കുട്ടികളുടെ നെഞ്ചത്ത് ബാബറി ബാഡ്ജ്; സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുന്ന പഞ്ചായത്തിൽ പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ; തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്
പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്കൂളിൽ കുട്ടികളുടെ ഷർട്ടിൽ ബാബറി ബാഡ്ജ് ധരിപ്പിച്ചത് വിവാദമായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഡിസംബർ ആറായ ഇന്ന് ഞാൻ ബാബറി എന്ന സ്റ്റിക്കർ കുട്ടികളുടെ നെഞ്ചത്ത് പതിപ്പിച്ചത് എന്നാണ് ആരോപണം. സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികളെ നടുറോഡിൽ തടഞ്ഞു നിർത്തി ബാഡ്ജ് ധരിപ്പിച്ചു എന്നാണ് പരാതി. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോ അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് നൽകിയ പരാതിയിന്മേലാണ് നടപടി.
സിപിഎമ്മും എസ്ഡിപിഐയും ഒന്നിച്ചു ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. കേരളം അതിവേഗം സിറിയയാവുകയാണോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു
'പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ പഞ്ചായത്ത് സി. പി. എമ്മും എസ്. ഡി. പി. ഐയും ഒരുമിച്ചാണ് ഭരിക്കുന്നത്. പിണറായി പൊലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ'-കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.
വിഷയം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസോ സർക്കാരോ നടപടികൾ സ്വീകരിക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയന്റെ സർക്കാർ ഇസ്ലാമിക തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുന്ന ഏജൻസിയായി അധപതിച്ചിരിക്കുന്നവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ പ്രതികരിച്ചു.
ഞാൻ ബാബർ എന്ന ബാഡ്ജ് പതിപ്പിച്ചത് വർഗീയ കലാപത്തിനുള്ള കോപ്പുകൂട്ടലാണ്. കുട്ടികളെ പോലും തീവ്രവാദത്തിന് ഇരയാക്കുന്ന രീതിയിലേക്ക് ഇസ്ലാമിക തീവ്രവാദികൾ മാറിയിട്ടും സർക്കാർ അവർക്ക് ഓശാന പാടുകയാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊച്ചുകുട്ടികളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. കേരളം മറ്റൊരു സിറിയയായി മാറി കൊണ്ടിരിക്കുകയാണ്. ഇത് താലിബാനിസമാണ്. ഇതിനോട് ബിജെപി കൈയുംകെട്ടി നോക്കിയിരിക്കില്ല.
കോട്ടാങ്ങൽ പഞ്ചായത്ത് എസ്ഡിപിഐയുടെ സഹായത്തോടെയാണ് എൽഡിഎഫ് ഭരിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമാണ് പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടിന് ചെയ്യുന്നത്. സിപിഎമ്മും എസ്ഡിപിഐയും ഒരുമിച്ച് വന്നാൽ അവിടെ താലിബാനിസം നടക്കും എന്നതിന്റെ ഉദ്ദാഹരണമാണ് കോട്ടാങ്ങൽ. എസ്ഡിപിഐ സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തരായ ഘടകകക്ഷിയായി മാറുന്ന സാഹചര്യം വിദൂരമല്ല. ഇപ്പോൾ തന്നെ സംസ്ഥാനത്ത് അങ്ങിങ്ങോളം ഇവർ തമ്മിൽ അപ്രഖ്യാപിത സഖ്യമാണുള്ളതെന്നും സുധീർ പറഞ്ഞു.
ഹലാൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തീവ്രവാദികളെ പ്രീണിപ്പിക്കുന്നതാണ്. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പേര് പുറത്ത് വിടുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മൗനത്തിലായതിന് കാരണം ഇസ്ലാമിക തീവ്രവാദികളോടുള്ള വിധേയത്വമാണ്. വാക്സിൻ എടുക്കാത്തത് മതതീവ്രവാദികളാണ്. അവരെ സംരക്ഷിക്കുന്നതാവട്ടെ കേരള സർക്കാരും. സമൂഹത്തിന് ഭീഷണിയാവുന്നവരെ വോട്ട്ബാങ്കിന് വേണ്ടി സംരക്ഷിക്കുകയാണ് സിപിഎം നേതൃത്വം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ നിലപാടാണ് സർക്കാരിനുള്ളത്. നാണമുണ്ടെങ്കിൽ ശിവൻകുട്ടി രാജിവെക്കണെന്നും സുധീർ കൂട്ടിച്ചേർത്തു.
തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്
ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ്മ ദിനത്തിൽ കാംപസുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുള്ള ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാര ചേരികളുടെ ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണമെന്നും വ്യാജ പ്രചരണത്തെ തള്ളിക്കളയണമെന്നും കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അജ്മൽ പി എസ് ആവശ്യപ്പെട്ടു.
ബാബറിയെ മറവിക്ക് വിട്ടുകൊടുക്കരുത് എന്നത് കാംപസ് ഫ്രണ്ടിന്റെ പ്രഖ്യാപിത നിലപാടാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ബാബറി മസ്ജിദ് തകർത്തത്. അതിന്റെ സ്മരണ പോലും നില നിർത്താതിരിക്കാനുള്ള സംഘപരിവാര അജണ്ടയെ ജനകീയമായി ചെറുത്ത്, മസ്ജിദ് പുനർ നിർമ്മാണത്തിലൂടെ രാജ്യത്തിന്റെ മതേതരത്വം തിരിച്ചു പിടിക്കേണ്ടത് പുതു തലമുറയുടെ ബാധ്യതയാണ്.
ബാബറി കാംപയിന്റെ ഭാഗമായി ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവർക്ക് കുത്തിനൽകുകയുമാണ് ചെയ്തത്. ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ല. ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാര സംഘടനകൾ കുറച്ചുനാളുകളായി കേരളത്തിൽ വർഗീയമായി ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തള്ളിക്കളയണമെന്നും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.