കൊച്ചി: ബാബു ആന്റണി തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴും പാരയുമായി അവർ എത്തുന്നു. ആ സ്ത്രീയെ ബാബു ആന്റണിക്കും അറിയാം. മനോരമ ന്യൂസിനോടാണ് ഇതേ കുറിച്ച് ബാബു ആന്റണി മനസ്സു തുറക്കുന്നത്. അത് ഇങ്ങനെ:

സൂപ്പർ ആക്ഷൻ ഹീറോ ആയി തിളങ്ങിയിട്ടും പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് വീണ ആളാണ് ഞാൻ. അതിനു കാരണം ഒരു സ്ത്രീയാണ്. അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. അതാരാണെന്ന് മലയാള സിനിമയെ കഴിഞ്ഞ ഇരുപത് വർഷമായി അറിയാവുന്ന എല്ലാവർക്കുമറിയാം. സിനിമയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടന്നു. അതിനുവേണ്ടി പല പ്രചാരണങ്ങളും നടന്നു. ഇന്നത്തെ പോലെയായിരുന്നില്ല അന്ന് സിനിമാ ലോകം. പലരും കള്ളക്കഥകൾ വിശ്വസിച്ചു. അവസരങ്ങൾ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടതെന്ന് ബാബു ആന്റണി പറയുന്നു.

ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്നായിരുന്നു അന്ന് സംവിധായകരും നിർമ്മാതാക്കളും പറഞ്ഞത്. അത് കുറെയൊക്കെ ശരിയായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചാരണങ്ങൾ ശരിയാണെന്ന് പലരും വിശ്വസിച്ചു. അതിനെ പ്രതിരോധിക്കാൻ ഞാനല്ലാതെ മറ്റാരുമുണ്ടായില്ല. വൈകാതെ സിനിമയിൽ നിന്ന് പൂർണമായി ഇല്ലാതാകുന്നതാണ് കണ്ടത്. ഉത്തമനിലൂടെ ശക്തമായ തിരിച്ചു വരവിന് ശ്രമിച്ചു. പക്ഷെ അതിനു ശേഷവും ഇടവേളയുണ്ടായി. ഇക്കാലയളവിലാണ് വിവാഹിതനാകുന്നതും വിദേശത്തേയ്ക്ക് താമസം മാറ്റുന്നതും. അതും അവസരങ്ങൾ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വർധിപ്പിച്ചു.

ഒരിടവേളയ്ക്ക് ശേഷം സജീവമാകാൻ ശ്രമിച്ചപ്പോൾ അവർ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. തന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാൾ അവർക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവർ തന്റെ കാലിൽ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവർക്കും കാണാനാകുമെന്ന് ബാബു ആന്റണി പറയുന്നു.