കൊച്ചി: ബാബു ആന്റണിയും ആരാധികയും ഇന്ന് സന്തോഷത്തിലാണ്. വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനായത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായെന്നാണ് ബാബു ആന്റണി പറയുന്നു. അമേരിക്കയിലാണ് ബാബു ആന്റണി. അവിടെ ഇരുന്നായിരുന്നു ഈ ഇടപെടൽ.

''എനിക്കൊട്ടും വയ്യ, കൊറോണയാണ്... എനിക്കു വേണ്ടി പ്രാർത്ഥിക്കണേ...'' തന്റെ ഫോണിലേക്കു വന്ന സന്ദേശം നടൻ ബാബു ആന്റണിയെ തേടി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിറ്റേന്ന് വീണ്ടും സന്ദേശമെത്തി. ''ദൈവം എനിക്കൊന്നും വരുത്തല്ലേയെന്നു പ്രാർത്ഥിക്കുകയാണ് ഞാൻ. സംസാരിക്കാനും ശ്വാസമെടുക്കാനും പറ്റുന്നില്ല. എപ്പോഴും ചൂടുവെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മോൾക്കു ഞാൻ മാത്രമേയുള്ളൂ. അവൾക്കു മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് അവളുടെ അച്ഛൻ. എനിക്കെന്തെങ്കിലും പറ്റിയാൽ മോൾക്കു ആരുമില്ലാതായിപ്പോകും...''-ഇതായിരുന്നു സന്ദേശം.

ഈ സന്ദേശം ബാബു ആന്റണി അമേരിക്കയിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുത്തു. അരമണിക്കൂറിനകം അവരെ തേടി കളക്ടറുടെയും സംഘവും എത്തി. അവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് ബാധിച്ചു ഗുരുതരനിലയിലായിരുന്ന അവർ ഇപ്പോൾ സുഖം പ്രാപിക്കുകയാണ്. അങ്ങനെ ആ കുടുംബം രക്ഷപ്പെട്ടു.

''ഭാര്യയുമായി സംസാരിച്ചപ്പോഴാണ് കേരളത്തിലേക്കു വിളിച്ച് അന്വേഷിച്ചാലോയെന്ന് അഭിപ്രായപ്പെട്ടത്. സുഹൃത്തായ സംവിധായകൻ ടി.എസ്. സുരേഷ് ബാബുവിനെ വിളിച്ചപ്പോൾ അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ നമ്പർ തന്നത്. ഒരു പരിചയവുമില്ലാത്ത മുഖ്യമന്ത്രിക്കു സന്ദേശം അയക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, നിമിഷങ്ങൾക്കകം അദ്ഭുതകരമായ രീതിയിലാണ് അവിടെ ഇടപെടലുകളുണ്ടായതും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതും.'' -ബാബു ആന്റണി പറഞ്ഞു.

''സുഖമായിരിക്കുന്നു, ഇപ്പോൾ കുഴപ്പമൊന്നുമില്ല. ചേട്ടൻ ചെയ്തുതന്ന സഹായം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരാഗ്രഹം കൂടിയുണ്ട്, ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ചേട്ടനെ നേരിട്ടുകാണണം.'-ഇങ്ങനെ മറ്റൊരു സന്ദേശവും ബാബു ആന്റണിക്ക് കിട്ടി കഴിഞ്ഞു. കൊല്ലം സ്വദേശിനിയായ യുവതിയെ എറണാകുളത്തെ ആശുപത്രിയിൽ കൊണ്ടുവന്നാണ് ചികിത്സിച്ചത്.