തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരായ വിജിലൻസ് അന്വേഷണം ഇന്നു തുടങ്ങും. അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴി രേഖപ്പെടുത്തലാണ് ആരംഭിക്കുന്നത്. അഴിമതി ആരോപണം ഉന്നയിച്ച ബിജു രമേശ് ഇന്ന് മൊഴി നൽകില്ല. മന്ത്രി കെ.എം. മാണിക്കെതിരായ കേസിൽ നുണപരിശോധനയ്ക്കു തയാറാകണമെന്ന വിജിലൻസിന്റെ ആവശ്യത്തിൽ ബാർ ഉടമകൾ ഇന്ന് നിലപാട് അറിയിക്കും. വിജിലൻസ് എറണാകുളം എസ്‌പി: കെ.എം. ആന്റണിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്‌പി: എം.കെ. രമേശ് കുമാറാണ് മന്ത്രി ബാബുവിനെതിരായ കേസ് അന്വേഷിക്കുന്നത്.

അതിനിടെ മന്ത്രി കെ.എം. മാണിക്കെതിരായ കേസിൽ നുണപരിശോധനയ്ക്കു തയാറാകണമെന്ന വിജിലൻസിന്റെ ആവശ്യത്തിൽ ബാർ ഉടമകൾ ഇന്ന് നിലപാട് അറിയിക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി ഉൾപ്പെടെ നാലു ബാർ ഉടമകളോടാണ് പരിശോധനയ്ക്കു തയാറാകാൻ വിജിലൻസ് സംഘം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇന്ന് കോടതിയിൽ ബാർ ഉടമകൾ നിലപാട് അറിയിക്കും. പരിശോധനയ്ക്കു വിധേയരാകാൻ തയാറാണെന്ന് നേരത്തേ ഇവർ വിജിലസ് ഡയറക്ടറെ അറിയിച്ചിരുന്നു. ബാർ ഉടമകൾ സഹകരിച്ചാൽ എത്രയും വേഗം പരിശോധന പൂർത്തിയാക്കാനാണു തീരുമാനം.

ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് രഹസ്യമൊഴി നൽകാനത്തെിയപ്പോൾ മജിസ്‌ട്രേറ്റിന് കൈമാറിയ മൊബൈൽ ഫോണും ഡി.വി.ഡിയും കെഎം മാണിക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന അന്വേഷണസംഘം ഉടൻ പരിശോധിക്കും. എവിഡൻസ് ആക്ട് പ്രകാരം, മൊബൈൽ ഫോണും ഡി.വി.ഡിയും തെളിവായി സ്വീകരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർ. സുകേശൻ ഉടൻ കോടതിയെ സമീപിച്ചേക്കും. എഡിറ്റ് ചെയ്യപ്പെടാത്ത ശബ്ദരേഖയുള്ള (മാസ്റ്റർകോപ്പി) ഫോൺ തെളിവായി സ്വീകരിക്കാമെന്നാണ് വിജിലൻസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ, ബിജു കൈമാറിയ ഫോണിനകത്തെ ശബ്ദരേഖ എഡിറ്റ് ചെയ്യാത്തതാണോ, റെക്കോഡ് ചെയ്ത അതേ ഫോൺ തന്നെയാണോ മജിസ്‌ട്രേറ്റിന് കൈമാറിയതെന്നും വ്യക്തമല്ല.

ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷന്റെ വിവിധ യോഗങ്ങളുടെ ശബ്ദരേഖയാണ് ഫോണിലുള്ളത്. ഇവയുടെ എഡിറ്റ് ചെയ്ത പ്രസക്തഭാഗങ്ങളാണ് (ചാനലുകളിലൂടെ പുറത്തുവിട്ടവ) ഡി.വി.ഡിയിലുള്ളത്. മന്ത്രി ബാബുവിന് പണംകൈമാറിയെന്ന് എലഗന്റ് ബാറുടമ ബിനോയ് തുറന്നുപറയുന്ന ശബ്ദരേഖ ഫോണിലുണ്ടെന്നാണ് ബിജു രമേശിന്റെ വാദം. നേരത്തെ ഇതിന്റെ ചില ഭാഗങ്ങൾ ചാനലിലൂടെ പുറത്തുവന്നു. എന്നാൽ, മാസ്റ്റർ കോപ്പിയുടെ ആധികാരികത പരിശോധിച്ചശേഷം മാത്രമേ തുടർനടപടി കൈക്കൊള്ളാനാകൂ എന്ന നിലപാടിലാണ് വിജിലൻസ്. അതേസമയം, ബാബുവിനെതിരെ വെളിപ്പെടുത്തലുകളുണ്ടെങ്കിൽ ഫോൺ വിജിലൻസ് മധ്യമേഖലാ എസ്‌പിക്ക് കൈമാറിയേക്കും. ബാബുവിനെതിരായ കേസ് എറണാകുളം യൂണിറ്റ് അന്വേഷിക്കുന്നതിനാലാണ് ഇത്.

എട്ട് മെഗാപിക്‌സൽ കാമറയുള്ള ജിയോണീ കമ്പനിയുടെ മൊബൈൽ ഫോണിലാണ് ബാറുടകളുടെ സംഭാഷണം റെക്കോഡ് ചെയ്തതെന്ന് ബിജു മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടുണ്ട്. ഇതും 80 മിനിറ്റ് ദൈർഘ്യമുള്ള ഫോൺസംഭാഷണം അടങ്ങിയ മോസർബെയർ ഡി.വി.ഡിയും കൈമാറിയിട്ടുണ്ട്. ഇവ രണ്ടും പരിശോധിച്ചശേഷം ഫോറൻസിക് പരിശോധനക്കയക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി മന്ത്രി കെ. ബാബുവിന് 10 കോടി രൂപ നൽകിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ബാർ ലൈസൻസ് ഫീസ് സംബന്ധിച്ച യോഗത്തിൽ പങ്കെടുത്ത ബാർ ഉടമകളിൽ നിന്നാണു ഇന്ന് മൊഴിയെടുക്കുന്നത്. യോഗം അവസാനിച്ച ശേഷം ലൈസൻസ് ഫീസ് കുറയ്ക്കാൻ മന്ത്രി രഹസ്യമായി കോഴ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും മിനിറ്റ്‌സ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുകയും ചെയ്യും.

ബിജു രമേശിന്റെ രഹസ്യമൊഴി പരിശോധിച്ച വിജിലൻസ് സംഘം കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ബിജു രമേശിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി ചോദ്യാവലിയും തയാറാക്കി. മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും. ബാർ ലൈസൻസുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ട് അടക്കമുള്ള സർക്കാർ രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചേക്കുമെന്ന് സൂചനയുണ്ട്. 45 ദിവസത്തിനകം ക്വിക്ക് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.