തിരുവനന്തപുരം: സർക്കാർ മാറിയതോടെ സോഷ്യൽ മീഡിയിലെ ട്രോളിംഗിനുള്ള ആവേശം പഴയതുപോലെ ഇപ്പോഴില്ലേ? ഉമ്മൻ ചാണ്ടിയെയും നരേന്ദ്ര മോദിയെയും ട്രോളിക്കൊല്ലാൻ മെനക്കെട്ടിരുന്ന സിപിഎമ്മിന്റെ സൈബർ സഖാക്കൾക്ക് ഇപ്പോൾ പഴയ ആവേശമൊന്നുമില്ലെന്നത് വ്യക്തമാണ്. പണ്ട് ഉമ്മൻ ചാണ്ടിയുടെ ഓരോ ചലനവും സൂക്ഷ്മമായി നോക്കി കൊണ്ടായിരുന്നു സൈബർ ലോകം പണി കൊടുത്തത്. എന്നാൽ, യുഡിഎഫ് മാറി എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ സോഷ്യൽ മീഡിയ പ്രതിപക്ഷത്ത് നിർത്തുന്നത് ഭരിക്കുന്നവരെ തന്നെയാണ്. ഇതോടെ മന്ത്രിമാരുടെ പിഴവുകൾ അടക്കം ചൂണ്ടി ട്രോളിങ് ആരംഭിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഏറ്റവും ശക്തമായ ട്രോളിങ് നേരിടേണ്ടി വന്നത് കായികമന്ത്രി കൂടിയായ ഇ പി ജയരാജനാണ്.

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ മലയാളിയാക്കിയ ജയരാജന്റെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളിങ് പ്രവാഹമായിരുന്നു. ഇങ്ങനെ ഇടതു മന്ത്രിമാർക്കെതിരെ വിമർശനം ഉയർന്നുപൊങ്ങിയതോടെ പല സഖാക്കളുടെയും അസഹിഷ്ണുത മുളപൊട്ടി. സോഷ്യൽ മീഡിയയിൽ സൗമ്യമായ നിലപാട് സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതിന് പിന്നാലെ തന്നെ ഭീഷണിയുടെ സ്വരത്തിൽ രംഗത്തെത്തിയത് കുന്ദംകുളം മുൻ എംഎൽഎ ബാബു എം പാലിശ്ശേരിയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ബാബു എം പാലിശ്ശേരിയുടെ ഭീഷണി.

ഇ പി ജയരജനെ കൊന്നുതിന്നാൻ കൊലവെറി പൂണ്ടു നടക്കുന്ന നവമാദ്ധ്യമപുലികൾ എന്നു വിളിച്ചു ാെണ്ടാണ് പാലിശ്ശേരിയുടെ ഭീഷണി. മന്ത്രിയെ വിമർശിക്കുന്നതിൽ തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് 'എടാ, പോടാ,മണ്ടാ' അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവർ അതു നിർത്തിക്കോ എന്നാണ് മുൻ എംഎൽഎയുടെ ഭീഷണി.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബഹു മന്ത്രി ഇ പി ജയരജനെ കൊന്നുതിന്നാൻ കൊലവെറി പൂണ്ടു നടക്കുകയാണല്ലൊ കുറെ നവ മാദ്ധ്യമ പുലികൾ. ഒരു യാത്രക്കിടയിൽ ടെലിഫോണിലൂടെയുള്ള സംസാരത്തിനിടക്കു സംഭവിക്കാനിടയുള്ള ഒരു പിശകു മാത്രമാണിതെന്നു വേണമെങ്കിൽ നമുക്കു തിരിച്ചറിയാവുന്നതെയുള്ളു ഈ സംഭവം. ദുരുദ്ദേശമൊന്നുമില്ലെങ്കിൽ മനോരമക്കു അപ്പോൾ തന്നെ തിരുത്താമായിരുന്നു ഇക്കാര്യം. പക്ഷേ അതിലൊരു നർമ്മത്തിനു സ്‌കൊപ്പുണ്ട് എന്നതുകൊണ്ട് ചെറുതായി അതൊന്നു ആഘോഷിച്ചാലും മനസ്സിലാക്കാം. വ്വിമർശിക്കുന്നതിലും തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് 'എടാ, പോടാ,മണ്ടാ' അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവർ അതു നിർത്തിക്കൊ. നവ മാദ്ധ്യമ ലോകവും നേതാക്കന്മാരുടെ ഡയലൊഗുകളും ഇവിടൊന്നും കൊണ്ട് തീരുന്നില്ലല്ലൊ! നേതാക്കൾ പ്രവർത്തനങ്ങളിൽ തെറ്റു വരുത്തുംബോൾ പാർട്ടിക്കുവേണ്ടി ജീവൻ കൊടുക്കാൻ മടിയില്ലാത്ത അനുയായികൾക്കു ധാർമ്മികരോഷമുണ്ടാവുന്നതു സ്വാഭാവികം തന്നെയാണു. ഞാനും അത്തരത്തിൽ പ്രതികരിച്ചിട്ടുണ്ട്. ശ്ശ്‌ലീലമായ ഭാഷയിൽ ഒറ്റ വരി. അതിനപ്പുറത്തേക്കുപോകുന്നത് അൽമഹത്യാപരമാണു. അതിനാൽ നമുക്കിതു ഇവിടെ നിർത്താം. എതിർ രാഷ്ട്രീയം കൊണ്ട് ഇനിയും നിറുത്താതെ കുരക്കുന്നവർക്കെതിരെ ഒന്നിച്ചു പടയണി തീർക്കാം.

എന്നാൽ ബാബു എം പാലിശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനോട് പലരും രൂക്ഷമായാണ് പ്രതികരിച്ചത്. നേതാവ് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്ന് പലരും വ്യക്തമായി തന്റെ കമന്റ് ബോക്‌സിൽ രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയിയെയും മന്ത്രിമാരെയും അവഹേളിക്കുന്ന വിധത്തിൽ സഖാക്കൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടപ്പോൾ എവിടെയായിരുന്നു സഖാവേയെന്നും ചോദിക്കുന്നവരുണ്ട്. സൈബർ ലോകത്ത് ഇന്നലെ വരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമർശിച്ച പലരും ഇപ്പോൾ സഖാക്കൾക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.