- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ ബാങ്ക് സ്റ്റേറ്റ്മെന്റും ഡിജിറ്റൽ തെളിവുകളും നിർണായകം; തെളിവുകൾ ശേഖരിച്ച ശേഷം മാത്രം ചോദ്യം ചെയ്യൽ; രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് നോട്ടീസ്; ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും പൂട്ടാനൊരുങ്ങി ഒറ്റപ്പാലം പൊലീസ്
തിരുവനന്തപുരം: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ 3 കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ താരദമ്പതികൾക്കെതിരെ തെളിവുകൾ ശേഖരിക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരാതിക്കാരന് കൈവശമുള്ള തെളിവുകൾ അടിയിന്തരമായി ഹാജരാക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഒറ്റപ്പാലം എസ് എച്ച ഒ സുജിത് ആണ് ഇത് സംബന്ധിച്ച നോട്ടീസ് അയച്ചത്.
മൂന്ന് കോടി രൂപ നടൻ ബാബു രാജും ഭാര്യയും നടിയുമായ വാണി വിശ്വനാഥും കൈപറ്റിയെന്ന് തെളിവുകളുടെ പിൻബലത്തിൽ ഉറപ്പിച്ചശേഷമാകും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. അടുത്ത ദിവസങ്ങളിൽ തൃശൂർ തിരുവില്വാമല സ്വദേശിയായ റിയാസ് നേരിട്ടെത്തി പൊലീസിന് മുന്നിൽ തെളിവുകൾ കൈമാറുമെന്നാണ് അറിയുന്നത്. ബാബുരാജിന്റെ മറ്റു പശ്ചാത്തലങ്ങളും അടുത്തിടെ ഉണ്ടായ മറ്റു കേസുകളും പരിഗണിച്ച് കേസിൽ പ്രാഥമികമായി തന്നെ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.
എന്നാൽ പ്രതികൾ താരദമ്പതികൾ ആയതിനാൽ നടപടി സ്വീകരിക്കും മുൻപ് കേസിലെ പങ്ക് ഉറപ്പിച്ച ശേഷമാകും മുന്നോട്ടു പോകുക. പരാതിക്കാരന്റെ കൈയിൽ കൂടുതലും ഉള്ളത് ബാങ്ക് സ്റ്റേറ്റ് മെന്റും ഡിജിറ്റൽ തെളിവുകളുമാണ്. ഇതിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പൊലീസ് ഒറ്റപ്പാലത്തെ ബാങ്കിൽ കൊണ്ടു വന്ന് പരിശോധിക്കും. ബാങ്ക് ജീവനക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. അതേ സമയം കേസിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ബാബു രാജും വാണി വിശ്വനാഥും മുൻ കൂർ ജാമ്യ സാധ്യത ആരാഞ്ഞുവെന്നാണ് വിവരം.
ചില മുതിർന്ന അഭിഭാഷകരെ വിളിച്ച്്് കേസിന്റെ കാര്യങ്ങൾ സംസാരിച്ചുവെന്നാണ് സൂചന. ചില സിനിമ സുഹൃത്തുക്കളെയും ബന്ധപ്പെട്ടു.
'കൂദാശ' എന്ന സിനിമയുടെ നിർമ്മാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ തിരികെ നൽകിയില്ലെന്നാണു പരാതിയിലെ ആരോപണം. 2017ൽ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായാണു പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരികെ നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു ഇടപാടെന്നു പരാതിയിൽ ആരോപിക്കുന്നു.
വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണു റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാൽപരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഡിനു തോമസ് സംവിധാനം ചെയ്ത 'കൂദാശ' എന്ന സിനിമ 2017 ലാണ്് പുറത്തിറങ്ങിയത്്്. മൂന്നാർ വച്ചാണ് ഷൂട്ടിങ് നടന്നത്. കഴിഞ്ഞ എപ്രിലിലും നടൻ ബാബു രാജിനെതിരെ തട്ടിപ്പ്്് കേസ് പുറത്തു വന്നിരുന്നു.
40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകിയാണ് നടൻ കബളിപ്പിച്ചതെന്നു കാട്ടി കോതമംഗലം തലക്കോട് സ്വദേശി അരുണാണ്അന്ന് പരാതി നൽകിയത്. 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.
അരുണിന്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നാർ കമ്പ് ലൈനിൽ നടൻ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായയത്. 2020ൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോർട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത്.
40 ലക്ഷം രൂപ കരുതൽ ധനമായി വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോർട്ട് തുറന്ന് പ്രവർത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വർഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും അരുൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പണം തിരിച്ചു കൊടുക്കില്ലെന്ന നിലപാടാണ് ബാബുരാജ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ നാൽപത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജ് പറയുന്നത്. ഈ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് വിശദീകരിക്കുന്നു. എന്നാൽ അടിമാലി പൊലീസ് രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ അതിനു തയ്യാറായില്ലെന്നാണ് അറിയുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്