കോട്ടയം: യുവാവിന്റെ മരണത്തിൽ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്ക് മറുപടിയുമായി നടൻ ബാബുരാജ്. ഫേസ്‌ബുക്ക് ലൈവിലാണ് ബാബുരാജ് കടന്നാക്രമണം നടത്തുന്നത്. തന്നെ കുറിച്ച് അപവാദങ്ങൾ പറയുന്നവർ സ്വന്തം കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നു പറയുന്ന ബാബുരാജ് സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾക്കു മാത്രം തന്റെ പേര് ചേർക്കാതെ പുറത്തുള്ള വിഷയങ്ങളിൽ കൂടി ബാബുരാജ് എന്ന പേര് ചേർത്ത് പ്രചരിപ്പിക്കണമെന്നു പരിഹസിക്കുന്നു.

ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ഇങ്ങനെ

എന്നെ സംസ്ഥാന കമ്മറ്റിയിൽ നിന്ന് പുറത്താക്കണം. എന്നെ കേന്ദ്ര കമ്മറ്റിയിൽ കൂടെ ഉൾപ്പെടുത്തണം. ഞാൻ കേരളത്തിന് പുറത്ത് യാത്ര ചെയ്യുന്നവരാണ്. കേരളത്തിന് അകത്ത് മാത്രം നടക്കുന്ന പ്രശ്‌നങ്ങളിൽ മാത്രം ഒതുക്കി ഇടരുത്. കേരളത്തിന് പുറത്തു നടക്കുന്ന പല സംഭവങ്ങളിലും ഞാൻ കരിനിഴലിലെന്ന് കൂടി കൊടുക്കണം. ഇത് കേട്ട് മടുത്തു.

മറ്റൊരു കാര്യം. ഇത്രയും പ്രയത്‌നം ചെയ്യുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യമാർ എവിടെ പോകുന്നു. ഇനി ഭാര്യ ഇല്ലെങ്കിൽ അമ്മയും സഹോദരിമാരും എവിടെ പോകുന്നു എന്ന് കൂടി അന്വേഷിക്കണം. അല്ലെങ്കിൽ അവർ കൈവിട്ട് പോകും. ഇതൊരു ഉപദേശമായി കരുതിയാൽ മതി.

പുതുവർഷ പുലരിയിലാണ് ഇരുട്ടുകാനം കമ്പിലൈൻ തറമുട്ടത്തിൽ സണ്ണിയുടെ മകനായ നിധിൻ മാത്യു എന്ന 29 കാരന്റെ മൃതദേഹം ജലാശയത്തിൽ കണ്ടെത്തുന്നത്. ഇലവീഴാപൂഞ്ചിറയിൽ വർക് ഷോപ്പ് ജീവനക്കാരനായിരുന്ന നിധിന്റെ മൃതദേഹത്തിന്റെ മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലും മുഖത്ത് പോറലുകൾ ഏറ്റ നിലയിലുമായിരുന്നു. മരിച്ച നിധിന്റെ പിതാവ് സണ്ണി വസ്തുതർക്കത്തിന്റെ പേരിൽ ബാബുരാജിനെ വെട്ടി പരിക്കേൽപ്പിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ സംഭവത്തിൽ ബാബുരാജും സംശയ നിഴലിലാണെന്ന് വാർത്തകളെത്തി.

നിധിന്റെ മരണത്തിന്റെ പിന്നിൽ ബാബുരാജിന് പങ്കുണ്ടെന്ന രീതിയിൽ സംശയങ്ങൾ ഉയർന്നു. മരണത്തിൽ ബാബുരാജിന്റെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തനിക്കെതിരേ സംശയങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി ബാബുരാജ് രംഗത്ത് വന്നിരിക്കുന്നത്. പക്ഷേ ഇതും കളിയാക്കലായി മാറി. അതിനിടെ ബാബുരാജിനെതിരെ അന്വേഷണം തുടരുകയാണെന്ന നിലപാടിലാണ് പൊലീസ്.

വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്. ഈ സംഭവത്തിന്റെ വൈരാഗ്യത്തിൽ ബാബുരാജിന്റെ ഇടപെടലിനെത്തുടർന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തിൽ കണ്ട പരിക്കുകളും മൂക്കിൽ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാർ തങ്ങളുടെ സംശയങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്തത്.

നിധിന്റെ മരണം സംമ്പന്ധിച്ച് സംഭവ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസ് നൽകിയ മൊഴി ഇങ്ങിനെയായിരുന്നു: വർക്ക്ഷോപ്പ് ജീവനക്കാരനാണ് നിധിൻ.പുതവൽത്സരാഘോഷം ബന്ധുവീട്ടിലാക്കാമെന്ന് നിർദ്ദേശിച്ചത് നിധിനായിരുന്നു. ഡിസംമ്പർ 31-ന് രാത്രിയോടെ ചിറയ്ക്ക് സമീപമുള്ള നിധിന്റെ ബന്ധുവീട്ടിലെത്തി. ഇവിടെ ഭക്ഷണം പാകം ചെയ്ത് കഴിച്ചു.തുടർന്ന് മദ്യവും കൈയിൽ കരുതി ജീപ്പിൽ ചിറയിലേക്ക് യാത്ര തിരിച്ചു.ഇവിടെ എത്തിയ ശേഷവും മുമ്പും നന്നായി മദ്യം കഴിച്ചു.ഇടയ്ക്ക് നിധിൻ ചിറയിൽ ഇറങ്ങി.ബാക്കിയാരും ഇറങ്ങിയില്ല. കുറച്ച് നേരം നീന്തുന്ന ശബ്ദം കേട്ടു.

പിന്നെ അനക്കം കേട്ടില്ല. വിളിച്ചിട്ട് മറുപിടിയുമുണ്ടായില്ല. മൊബൈൽ റെയിഞ്ച് ഇല്ലാത്ത സ്ഥലമെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഉടൻ സമീപത്തെ വീട്ടിൽ വിവരമറിയിക്കുകയും ഇവരുടെ സഹായത്താൽ സമീപത്തെ പൊലീസിന്റെ വയർലസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയുമായിരുന്നു.