രുപുറവും നോക്കി ശ്രദ്ധയോട് റോഡ് ക്രോസ് ചെയ്യുന്നവരെപ്പോലും ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുന്ന കാലമാണിത്. അപ്പോഴാണ് വിയറ്റ്‌നാമിൽ ഒരു കുരുന്ന് മുട്ടിലിഴഞ്ഞ് റോഡ് ക്രോസ് ചെയ്തത്. പാഞ്ഞുവന്ന ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ ഒരു നിമിഷാർധനേരത്തേക്ക് കുഞ്ഞിന്റെ ദൃശ്യം പതിഞ്ഞതുകൊണ്ട് അതിപ്പോഴും ജീവനോടെയിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ ലോകം ചർച്ച ചെയ്യുകയാണിപ്പോൾ.

ഖ്വാങ് നിമിൽനിന്നുള്ള ദൃശ്യമാണ് വൈറലായിരിക്കുന്നത്. ലോറിയുടെ ഡാഷ്‌കാമിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കുരുന്ന് റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയിരിക്കുന്നതും വ്യക്തമാണ്. ഈ ലോറി ഡ്രൈവർ നൽകിയ മുന്നറിയിപ്പിനെത്തുടർന്നാണ് പാഞ്ഞുവന്ന വാഹനം നിർത്തിയത്. നിർത്തിയ വാഹനത്തിന്റെ ഡാഷ്‌കാമിലാണ് ചിത്രം പതിഞ്ഞത്. മാർച്ച് 13-നാണ് സംഭവം നടന്നതെന്നും ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിയാനാകുന്നുണ്ട്.

വാഹനം നിർത്തിയയുടൻ റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയൻ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും കാണാം. മറ്റ് വഴിയാത്രക്കാർ അവരെ സമീപിക്കുന്നതിനിടെ, റോഡ് ക്രോസ് ചെയ്ത് അവർ മറയുന്നതും വീഡിയോയിലുണ്ട്. വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാർ ഡ്രൈവർ പറയുന്നു. ലോറി നിർത്തിയിട്ടിരുന്നകൊണ്ടുമാത്രമാണ് അത് ശ്രദ്ധയിൽപെട്ടതെന്നും ഡ്രൈവർ പറഞ്ഞു.

റോഡ് ക്രോസ് ചെയ്ത് യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുരുന്ന് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. അമ്മ പോയവഴിയെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. കുട്ടിയെക്കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തിയിട്ടു. ഇതോടെയാണ് അടുത്ത ലെയ്‌നിൽക്കൂടിവന്ന കാർ ഡ്രൈവറും ഇത് ശ്രദ്ധിക്കാനിടയായത്.