ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ജനനനിരക്ക് അയർലണ്ടിലാണെന്ന് പുതിയ റിപ്പോർട്ട്. അതോടൊപ്പം തന്നെ രാജ്യത്ത് മരണനിരക്കും കുറവാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2016-ലെ കണക്ക് അനുസരിച്ച് 63,900 കുട്ടികളാണ് കഴിഞ്ഞ വർഷം പിറന്നുവീണത്. ആയിരം പേർക്ക് 13.5 എന്ന തോതിലാണ് ജനനനിരക്ക് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. അയർലണ്ടിനു പിന്നിൽ സ്വീഡനും യൂകെയും ഫ്രാൻസുമാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്.

യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം അയർലമ്ടിൽ 30,400 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ഇയു രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറവാണ്. മരണനിരക്കിൽ സൈപ്രസ് ആണ് അയർലണ്ടിനൊപ്പം നിൽക്കുന്ന രാജ്യം. ആയിരം പേർക്ക് 6.4 എന്നതാണ് ഇവിടങ്ങളിൽ മരണ നിരക്ക്. ജനസംഖ്യയിൽ സ്വാഭാവിക വളർച്ചയും അയർലണ്ടിനു തന്നെയാണെന്ന് പഠനം തെളിയിക്കുന്നു. രാജ്യത്തേക്കുള്ള കുടിയേറ്റവും ഇവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും തുല്യമായി തന്നെ പോകുന്നതാണ് ഇതിനു കാരണം. ഇക്കാര്യത്തിലും സൈപ്രസാണ് അയർലണ്ടിനു തൊട്ടുപിന്നിൽ നിൽക്കുന്ന രാജ്യം.

യൂറോപ്യൻ യൂണിയനിൽ ജനനനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യം ഇറ്റലിയാണ്. ആയിരം പേർക്ക് 7.8 കുഞ്ഞുങ്ങൾ എന്ന തോതിലാണ് ഇവിടുത്തെ ജനനനിരക്ക്.