കൊല്ലം: അലങ്കാരമീനുകളെ വളർത്തുന്ന വീട്ടുമുറ്റത്തെ കുളത്തിൽ വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചൽ പാലമുക്കിൽ താമസിക്കുന്ന വിഷ്ണു, ശ്രുതി ദമ്പതികളുടെ മകൻ ശ്രേയസാണു മരിച്ചത്. കുഞ്ഞിന്റെ അച്ഛൻ വിഷ്ണു അലങ്കാരമത്സ്യങ്ങളുടെ വിൽപ്പന നടത്തുന്നയാളാണ്.

ശ്രേയസ് തൊട്ടിലിൽ കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അമ്മ ശ്രുതി വീടിന് പുറത്തേക്കിറങ്ങിയത്. വിഷ്ണുവിന് ചോറുകൊടുക്കാനായാണ് ശ്രുതി വീടിന് പുറത്തേക്ക് പോയത്. ഈ സമയത്ത് വിഷ്ണുവിന്റെ അമ്മ ജലജ വീടിനുള്ളിലുണ്ടായിരുന്നു. തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് പക്ഷേ ഉറക്കമുണർന്നത് ആരും അറിഞ്ഞില്ല. കുഞ്ഞ് വീടിന് പുറത്തേക്കിറങ്ങി. തൊട്ടിലിൽനിന്ന് കുഞ്ഞിനെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ കുഞ്ഞിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോക്ഡൗൺ കാലത്ത് ഉപജീവനമായാണ് മീൻവളർത്തലും അലങ്കാര മീൻകുഞ്ഞുങ്ങളുടെ വിൽപ്പനയും വിഷ്ണു തുടങ്ങിയത്. ടാർപ്പോളിൻ കൊണ്ട് വീടിനോട് ചേർന്നുതന്നെയാണ് കുളം നിർമ്മിച്ചിരുന്നത്.