പാദുവ: ലഹരിക്ക് അടിമകളാകുന്നത് സ്വാഭാവികമാണ്. എന്നാൽ ലഹരിമൂത്ത് ആറ് മാസം പ്രായമുള്ള പിഞ്ചോമനയെ കൊക്കെയിൻ തീറ്റിച്ച മാതാപിതാക്കളെക്കുറിച്ച് എന്താണ് പറയേണ്ടത്...?. വടക്കൻ ഇറ്റലിയിലെ പാദുവയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഒക്ടോബർ 16നായിരുന്നു പനിയും കണ്ണ് ചുവക്കലും മൂലം കുഞ്ഞുമായി മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയത്. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് ആദ്യം പരിശോധിച്ച ഡോക്ടർമാർക്ക് കണ്ടെത്താനായിരുന്നില്ല. എന്നാൽ കുട്ടിയുടെ രക്തം പരിശോധിച്ചതിനെത്തുടർന്നാണ് കുഞ്ഞിന്റെ ഉള്ളിൽ  കൊക്കെയിൻ എത്തിയിരിക്കുന്നുവെന്ന് മനസ്സിലായത്.

ഗുരുതരമായ ഈ പാതകത്തിന് ഉത്തരവാദികളായ മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  അന്വേഷണം നടത്തുന്നതിനിടെ കുഞ്ഞിനെ കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാററാൻ വെനീസിലെ ജുവനൈൽ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒക്ടോബർ 27ന് ഈ ദമ്പതികളുടെ വീട്ടിൽ പൊലീസ്  പരിശോധിച്ചിരുന്നുവെങ്കിലും മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കൊക്കെയ്ൻ ഉപയോഗിച്ച ശേഷം കൈകൾ കഴുകാതെ മാതാപിതാക്കൾ കുഞ്ഞിനെ എടുത്തതിലൂടെ കുഞ്ഞിന്റെ ഉള്ളിൽ കൊക്കയെിൻ എത്തിയതാകാമെന്നാണ് പറയുന്നത്.

എന്നാൽ താൻ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് മയക്കമരുന്ന് തൊട്ടിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മ സാക്ഷ്യപ്പെടുത്തുന്നത്. കൊക്കയിൻ അകത്ത് ചെന്ന് പിഞ്ചു കുഞ്ഞ് ആശുപത്രിയിലാകുന്നത് ഇറ്റലിയിലെ ആദ്യ സംഭവമല്ല. കൊക്കെയിൻ അകത്തു ചെന്നതിനെ തുടർന്ന് പിഞ്ചു കുഞ്ഞ് ആശുപത്രിയായതിന്റെ പേരിൽ ഏപ്രിലിൽ  സിസിലിയിലെ ഒരു മാതാവ് തടവിലായിരുന്നു. ഈ മാസം ആദ്യം ഫ്രാൻസിൽ കഞ്ചാവ് കുത്തിവച്ചതിനെ തുടർന്ന് 10 വയസ്സുകാരൻ ആശുപത്രിയിലായിരുന്നു. ഇവിടെ കുട്ടിയുടെ പിതാവ് തന്നെയായിരുന്നു വില്ലനായി വർത്തിച്ചത്.