കോവിഡ് എന്ന മഹാമാരി മൂലം വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്‌കൂൾ കാലഘട്ടം നഷ്ടമായിട്ട് ഒരു വർഷം പിന്നിടുകയാണ്. വരുന്ന അധ്യയന വർഷത്തിലും ഭൂരിപക്ഷം രാജ്യങ്ങളിലും ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. കോവിഡ് വൈറസ് വ്യാപനം ഇപ്പോളും പിടിമുറുക്കിയിരിക്കുന്നതിനാൽ കാനഡയിലെ വിവിധ റിജിയനുകളും സ്‌കൂളുകൾ ഉടനെ തുറക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഒന്റാരിയോ, വാട്ടർലൂ, ഒട്ടാവ റിജിയനുകൾ തത്കാലം ക്ലാസുകളിൽ കുട്ടികൾ എത്തേണ്ടതില്ലെന്ന നിലപാട് അറിയിച്ചു കഴിഞ്ഞു.

സെപ്റ്റംബറിന് മുമ്പ് ഒന്റാറിയോ വിദ്യാർത്ഥികൾ ക്ലാസ് പഠനത്തിലേക്ക് മടങ്ങില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡ് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും അദ്ധ്യാപക യൂണിയനുകളും ഉൾപ്പെടെയുള്ള നിരവധി വിദഗ്ധ ഗ്രൂപ്പുകളിൽ നിന്നും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അഭിപ്രായം ശേഖരിച്ച ശേഷമാണ് സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വാട്ടർലൂ മേഖലയിലെ വിദ്യാർത്ഥികളും ഈ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് ക്ലാസ് മുറിയിലേക്ക് മടങ്ങില്ലെന്ന് ഉറപ്പായി കഴിഞ്ഞു.ഈ വർഷം അവസാന ക്ലാസുകൾ വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വാട്ടർലൂ റീജിയൻ ഡിസ്ട്രിക്റ്റ് സ്‌കൂൾ അറിയിച്ചിട്ടുണ്ട്. എലമെന്ററി വിദ്യാർത്ഥികൾക്ക് ജൂൺ 28 ന് സ്‌കൂൾ വർഷം അവസാനിപ്പിക്കും, സെക്കൻഡറി വിദ്യാർത്ഥികൾ ജൂൺ 25 ന് സ്‌കൂൾ പൂർത്തിയാക്കും.

എന്നാൽ ക്യുബെക് റിജിയൻ പുതിയ സ്‌കൂൾ വർഷത്തെ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യാമെന്ന പ്രതീക്ഷയാണ് ലക്ഷ്യമിടുന്നത്. എലമെന്ററി, ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാസ്‌കിനോടും ഓൺലൈൻ ക്ലാസുകളോടും വിട പറയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടാവ റിജിയനിലെ വിദ്യാർത്ഥികൾ സെപ്റ്റംബർ വരെ ക്ലാസ് മുറികളിലേക്ക് മടങ്ങില്ലെന്ന് പ്രവിശ്യ പ്രഖ്യാപിച്ചിട്ടുണ്ട്.