- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖമില്ല; ശമ്പളം 65000 രൂപ; സിഇഒ തസ്തികയിലേക്ക് ഇഷ്ടക്കാരനെ നിയമിച്ചത് യോഗ അജണ്ടയ്ക്ക് പുറമെ പ്രത്യേക നിർദ്ദേശത്തിലുടെ; കെഐഐഡിസിലേക്ക് മന്ത്രി കൃഷ്ണൻ കുട്ടി സിഇഒ ആക്കിയത് റിട്ട. ഉദ്യോഗസ്ഥനെ; മറ്റൊരു പിൻവാതിൽ നിയമനകഥ
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ പിണറായി സർക്കാരിനെ വിടാതെ പിന്തുടരുകയാണ്. അക്കുട്ടത്തിലേക്ക് ഇതാ പുതിയൊരു നിയമനം കൂടി.രണ്ടായിരത്തോളം കോടി രൂപയുടെ ജലസേചനടൂറിസം പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (കെഐഐഡിസി) ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പേരിലാണ് പുതിയ പിൻവാതിൽ നിയമന വിവാദം ഉണ്ടായിരിക്കുന്നത്.
നിലവിലെ സിഇഒയെ പിരിച്ചുവിട്ട് യോഗ അജണ്ടയ്ക്ക് പുറമെ അഭിമുഖം പോലുമില്ലെതെയാണ് മന്ത്രി ഇഷ്ടക്കാരനെ തിരുകിക്കയറ്റിയത്.ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തസ്തികയിലേക്കാണ് അടുപ്പക്കാരനായ, വിരമിച്ച ഉദ്യോഗസ്ഥനെ മന്ത്രി നേരിട്ടു നിയമിച്ചത്.പ്രതിഷേധിച്ച മാനേജിങ് ഡയറക്ടറെ 2 ദിവസത്തിനുള്ളിൽ തന്നെ മാറ്റി അ പ്രശ്നവും മന്ത്രി പരിഹരിച്ചു.
കെഐഐഡിസി 75ാം ഡയറക്ടർ ബോർഡ് യോഗത്തിൽ അജൻഡയ്ക്കു പുറത്തു നിന്നുള്ള ഇനമായി അവതരിപ്പിച്ച് നിലവിലുണ്ടായിരുന്ന സിഇഒയെ അടിയന്തരമായി പുറത്താക്കി, പുതിയ ആളെ നിയമിക്കുകയായിരുന്നു. പബ്ലിക് റിലേഷൻസ് ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ തുടങ്ങി തസ്തികകളിലേക്കുള്ള നിയമനം ഉൾപ്പെടെ 25 ഇനങ്ങളായിരുന്നു അജൻഡയിൽ ഉണ്ടായിരുന്നത്. ഇതിൽ അവസാന ഇനമായാണ് സിഇഒ നിയമനം കൂട്ടിച്ചേർത്തത്.
പിആർഒ, സിഎഫ്ഒ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്, അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് ടി.സി.രാജേഷ്, വി.മഹേഷ് എന്നിവരെ നിയമിച്ചത്. എന്നാൽ സിഇഒ തസ്തികയിലേക്ക് മന്ത്രി നിർദേശിച്ചയാൾക്ക് നേരിട്ടു നിയമനമായിരുന്നു. ശമ്പളം 65,000 രൂപ.ഇയാൾക്കാകട്ടെ അഭിമുഖം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.
ഏഴു വർഷം പൂർത്തിയാക്കിയ സിഇഒ ജയപാലൻ നായർ, ഒഴിവാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും മറ്റൊരാളെ കണ്ടെത്തുന്നതു വരെ തസ്തികയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായുമാണ് അജൻഡയിൽ പറഞ്ഞിരുന്നത്. ഈ ഘട്ടത്തിൽ, ജലവിഭവ വകുപ്പിൽ നിന്നു വിരമിച്ച ചീഫ് എൻജിനീയർ കെഐഐഡിസിയിൽ ചേരാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു. ചെയർമാന്റെ അഭിപ്രായം കണക്കിലെടുത്ത് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി അദ്ദേഹത്തെ നിയമിക്കാനും ഏപ്രിൽ ഒന്നു മുതൽ സിഇഒ ആക്കാനും ബോർഡ് തീരുമാനിച്ചു.
പുതിയ ആൾക്കു പരിശീലനം ലഭിക്കുന്നതു വരെ 2 മാസം നിലവിലെ സിഇഒ തുടരാനായിരുന്നു ആദ്യ തീരുമാനമെങ്കിലും 'അടിയന്തരമായി ജയപാലൻ നായരുടെ സേവനം അവസാനിപ്പിക്കണം' എന്ന് ഒരു വരി മിനുട്സിൽ എഴുതിച്ചേർത്തു. ഇതിനെതിരെയാണ് ബോർഡ് യോഗത്തിന്റെ തീരുമാനത്തിൽ തർക്കം ഉടലെടുത്തത്. ഇതോടെ സ്ഥാപന എംഡിയും മന്ത്രിയും തമ്മിൽ തെറ്റി. 25ന് എംഡി എൻ.പ്രശാന്തിനെ ഒഴിവാക്കി, പ്രണബ് ജ്യോതികുമാറിനെ നിയമിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ