- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയും വില്യമും തമ്മിലുള്ള പ്രശ്നങ്ങൾ കേന്ദ്ര വിഷയമാക്കി ബി ബി സിയുടെ ഡോക്യൂമെന്ററി; എതിർപ്പുമായി ചാൾസും വില്യമും മാത്രമല്ല രാജ്ഞിയും; ബി ബി സിക്കെതിരെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ യുദ്ധപ്രഖ്യാപനം
ലണ്ടൻ: രാജകൊട്ടാരത്തിലെ വിഴുപ്പലക്കൽ തുടങ്ങിവെച്ചതുകൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനുമാണെങ്കിൽ ഇപ്പോൾ അത് ബി ബി സിഏറ്റെടുത്തിരിക്കുകയാണ്. അന്തപ്പുരക്കഥകൾ എന്നും ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകളെ ആകർഷിക്കാനായി ബി ബി സി ഒരു പുതിയ ഡൊക്യൂമെന്ററി ഒരുക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാജകുടുംബാംഗങ്ങൾ തമ്മിലുള്ള പിണക്കങ്ങളെ ആധാരമാക്കി എടുത്തത് എന്ന് പറയപ്പെടുന്ന ബി ബി സിയുടെ പുതിയ ഡോക്യൂമെന്ററിക്കെതിരെ മുതിർന്ന രാജകുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു വന്നിരിക്കുന്നു. ചാൾസ് രാജകുമാരനും വില്യം രാജകുമാരനും ഒപ്പം രാജ്ഞിയും, ബി ബി സിയെ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
നാളെ ബി ബി സി 2ൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ദി പ്രിൻസ് ആൻഡ് ദി പ്രസ്സ് എന്ന ഡൊക്യൂമെന്ററി, സംപ്രേഷണം ചെയ്യുന്നതിനു മുൻപായി രാജകുടുംബാംഗങ്ങളെ കാണിക്കാൻ ബി ബി സി വിസമ്മതിച്ചതിൽ കൊട്ടാരത്തിന് കടുത്ത പ്രതിഷേധമാണുള്ളത്. അങ്ങനെ കാണാനുള്ള അവസരം നൽകിയില്ലെങ്കിൽ ബി ബി സിയുടെ ഭാവി പരിപാടികളിൽ സഹകരിക്കുകയില്ലെന്നാണ് കൊട്ടാരം വക്താക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഡൊക്യൂമെന്ററിയുടെ പേര് തന്നെ ഒരുതരം പരദൂഷണത്തിന്റെ നിലവാരമുള്ളതാണെന്നും ഇതിനെ കുറിച്ചുള്ള വിവാദങ്ങൾ രാജ്ഞിയെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും ഒരു മുതിർന്ന കൊട്ടാരം വക്താവ് അറിയിച്ചു.
രാജകുടുംബ സമ്പ്രദായം തന്നെ ഒരുതരം വിഢിത്തമാണെന്ന് ഉറക്കെ പറഞ്ഞിട്ടുള്ള, ഒരു റിപ്പബ്ലിക്കൻ എന്ന് സ്വയംവിശേഷിപ്പിക്കുന്ന അമോൽ രാജൻ ആണ് ഇത് അവതരിപ്പിക്കുന്നത്. മുൻപെങ്ങുമില്ലാത്തതുപോലെ രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന മൂന്നംഗങ്ങൾ ഒരുമിച്ചാണ് ഈ ഡോക്യൂമെന്ററിക്കെതിരെ കോർപ്പറേഷനിൽ പരാതി നൽകിയിരിക്കുന്നത്. വില്യമിന്റെ പ്രതിനിധികളും ബി ബി സിയുമായി നിരവധി തവണ ചർച്ചകൾനടത്തിയെങ്കിലും സംപ്രേഷണം ചെയ്യുന്നതിന് മുൻപായി രാജകുടുംബാംഗങ്ങളെ ഇത് കാണിക്കാൻ കോർപ്പറേഷൻ തയ്യാറായില്ല.
രണ്ടു ഭാഗങ്ങളായി സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ വില്യമിന്റെയും ഹാരിയുടെയും മാധ്യമങ്ങളുമായുള്ള ബന്ധമായിരിക്കും പ്രധാനമായും പരാമർശിക്കുക എന്നാണ് ബി ബി സി പറയുന്നത്. ഹാരിയും വില്യമും പരസ്പരം ചെളിവാരിത്തേക്കാൻ മാധ്യമങ്ങളിൽ ചില തത്പരകക്ഷികളെ ഉപയോഗിച്ചു എന്ന ഒരു ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, അത്തരമൊരു ആരോപണത്തെ ചെറുക്കുവാൻ അന്ന് ഹാരിയും വില്യമും ഒന്നിച്ചിരുന്നു. ഹാരിയുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചില രഹസ്യങ്ങൾ വില്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന ഭാഗം പിന്നീട് കഴിഞ്ഞ ജൂലായിൽ ഐ ടി വിയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാരി ആൻഡ് വില്യം ; വാട്ട് എന്റ് റോംഗ് എന്ന ഡൊക്യൂമെന്ററിയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
2019-ൽ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടയിൽ ഹാരി വെളിപ്പെടുത്തുന്നതിന് ഒരു വർഷം മുൻപ് മുതൽ തന്നെ സഹോദരന്മാർ ഇരുവരും തമ്മിലുള്ള കലഹം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ യാത്രയ്ക്കിടയിൽ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ പുതിയ ജീവിതം എങ്ങനെയുണ്ടെന്ന് കൊട്ടാരത്തിലെ ആരും അന്വേഷിക്കുന്നില്ല എന്ന പരാതി മേഗൻ പറഞ്ഞത്. മാത്രമല്ല, താനും വില്യമും രണ്ട് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരാണെന്ന് ഹാരിയും അന്ന് സമ്മതിച്ചിരുന്നു.
മറുനാടന് ഡെസ്ക്