മനാമ: നോർതേൺ ഗവർണറേറ്റിലെ പൊതുബീച്ചുകളിലും പാർക്കുകളിലും മോശം വേഷം ധരിച്ചെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി മാന്യമായി വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടുള്ള ബോർഡുകളും ചില പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച നിർദ്ദേശം നോർതേൺ മുൻസിപ്പൽ കൗൺസിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിവാര യോഗത്തിൽ അംഗീകരിച്ചു.

പ്രകോപനപരമായ വസ്ത്രം ധരിച്ച് നീന്തുകയോ കളിക്കുകയോ ചെയ്യുന്നവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് ഇതിലുള്ളത്. അറബിക്, ഇംഗ്‌ളീഷ്, ഉർദു, ഹിന്ദി, തമിഴ് ഭാഷകളിലാണ് ബോർഡുകൾ സ്ഥാപിക്കുക. നോർതേൺ ഗവർണറേറ്റിൽ പദ്ധതി വിജയകരമായാൽ, ബഹ്‌റൈനിൽ ഉടനീളം ഇത് സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ചില കൗൺസിലർമാർ നിർദേശത്തെ എതിർത്തെങ്കിലും ചെയർമാൻ മുഹമ്മദ് ബുഹമൂദ് ഇതിനെ അനുകൂലിക്കുകയായിരുന്നു.