ദോഹ: ഡ്രൈവറുടെ ജോലിയിലുള്ള ക്ഷമതയുടെ അടിസ്ഥാനത്തിൽ വാഹന ഇൻഷുറൻസ് തുക മാറ്റാൻ പദ്ധതി തയ്യാറാകുന്നു.വാഹനാപകടത്തിൽപ്പെട്ടതും ഗതാഗതനിയമങ്ങൾ പാലിക്കാത്തതിന് നടപടിക്ക് വിധേയരായവരുമായ ഡ്രൈവർമാർക്ക് ഇൻഷുറൻസ് തുക കൂട്ടാനാണ് ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി.) നിർദ്ദേശം പുറപ്പെടുവിച്ചിരിക്കന്നത്.

റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ഖത്തർ ഇൻഷ്വറൻസ് മികച്ച ഡ്രൈവർമാർക്കുള്ള ഇൻഷ്വറൻസ് പ്രീമിയം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. ഖത്തർ ഇൻഷ്വറൻസിന്റെ നയ പ്രകാരം ഇതുവരെ യാതൊരു അപകടങ്ങളും വരുത്തിയിട്ടില്ലാത്ത ഡ്രൈവർമാർക്ക് കുറഞ്ഞ ഇൻഷ്വറൻസ് പ്രീമിയമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. തങ്ങൾ സുരക്ഷിതമായാണ് വാഹനമോടിക്കുന്നത് എന്ന് തെളിയിക്കാൻ ഇവർ ഒരു മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്. ഇത് വഴി ഡ്രൈവർമാരുടെ സ്വഭാവം കമ്പനിക്ക് പരിശോധിക്കാനാകും. അമിത വേഗത, ധൃതി പിടിച്ച് ബ്രേക്ക് ചെയ്യൽ, തുടങ്ങിയവ കമ്പനിക്ക് നേരിട്ട് തന്നെ മനസിലാക്കാം.

അതോടൊപ്പം സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന റോഡുകളെക്കുറിച്ച് ഇൻഷ്വറൻസ് കമ്പനികൾ അധികൃതർക്ക് വിവരം നൽകണമെന്നും നിർദേശമുണ്ട്. അപകടങ്ങളുടെ കാരണവും അർദ്ധ വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. അമിത വേഗക്കാരെ കണ്ടെത്താനായി കൂടുതൽ ട്രാഫിക് ക്യാമറകൾ ഏർപ്പെടുത്തുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്. ത ചുവന്ന ലൈറ്റ് മറി കടക്കുന്നവരെയും മറ്റ് വാഹനങ്ങളെ മറികടക്കുന്നവരെയും കണ്ടെത്താനും ഇത് കൂടുതൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.

മൊബൈലിലും മറ്റും സംസാരിക്കുകയും സന്ദേശമയക്കുകയും ചെയ്തുകൊണ്ട് വാഹനോടിക്കുന്നവരും ഏറെ ആശങ്ക ഉയർത്തുന്നു.