വാഹന പരിശോധനയ്ക്കിടെ പൊലീസിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. നൗജാസ് എന്ന യുവാവാണ് മാന്നാർ പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നത്. വാഹനപരിശോധനക്കിടെ യൂണിഫോം മാസ്‌കും കൃത്യമായി ധരിക്കാത്തത് ചൂണ്ടിക്കാണിച്ച തന്നോട് മാന്നാർ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിച്ചെന്നും കുറിപ്പിൽ നൗജാസ് പറയുന്നു.

കേരള പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസറാണ് മോശമായി പെരുമാറിയതെന്നും യുവാവ് കുറിപ്പിൽ പറയുന്നു.

നൗജാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

തിരുവനന്തപുരം നെയ്യാർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസ് ഓഫീസറുടെ വീഡിയോ കണ്ടതുകൊണ്ടും അതിന്മേൽ നടപടിയുണ്ടായതുകൊണ്ടും മാത്രം കുറിക്കുകയാണ്
ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി എനിക്കുണ്ടായ ഒരു ദുരനുഭവം , ഞാൻ എന്ന വ്യക്തിയെ അപമാനഭാരം കൊണ്ടും നിസ്സഹായത കൊണ്ടും ആത്മരോഷം കൊണ്ടും അടിമുടിയുലച്ച ഒരു ദുരനുഭവം ഞാൻ പങ്ക് വെക്കുകയാണ് . ബഹുമാനപ്പെട്ട കേരളാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തതുകൊണ്ടാണ് ഇത് വരെ നവമാധ്യമത്തിൽ ഞാനിത് പറയാതിരുന്നത്

ആലപ്പുഴയിൽ നിന്നും എന്റെ സ്വദേശത്തേക്ക് ഞാനും എന്റെ ഒരു സുഹൃത്തും കൂടി അദ്ദേഹത്തിന്റെ മാരുതി ആൾട്ടോ കാറിൽ സഞ്ചരിക്കുന്ന സമയം മാന്നാർ നായർ സമാജം സ്‌കൂളിന് സമീപത്തായി പൊലീസിന്റെ വാഹനപരിശോധനയിൽ ഞങ്ങളെ കൈ കാണിച്ച് നിർത്തുകയുണ്ടായി. ഡ്രൈവറുടെ സമീപം ഇരുന്ന ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞ് വാഹനം കൈ കാണിച്ച ഹോം ഗാർഡ് ഞങ്ങളെ എസ്‌ഐയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി.

ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഇടതുവശത്തുള്ള സീറ്റ് ബെൽറ്റ് ഉപയോഗയോഗ്യമല്ലാത്തതുകൊണ്ടാണ് അത് ധരിക്കാതിരുന്നതെന്നും അത് പൊട്ടിയിരിക്കുകയാണ് എന്നും ഞങ്ങൾ സബ് ഇൻസ്പക്ടറോട് പറയുകയുണ്ടായി അതല്ലാതെ മനപ്പൂർവ്വം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതല്ല എന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിയമപ്രകാരം അടക്കേണ്ട പിഴ അടക്കുവാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ഉപയോഗയോഗ്യമല്ലാത്ത സീറ്റ് ബെൽറ്റ് നന്നാക്കേണ്ട ചുമതല വാഹനം ഉപയോഗിക്കുന്നവർക്ക് തന്നെയാണെന്ന് അറിയുന്നതുകൊണ്ട് പിഴയടക്കുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ആ സമയത്താണ് അവിടെ വാഹനപരിശോധന നടത്തിയിരുന്ന ഒരു സിവിൽ പൊലീസ് ഓഫീസറുടെ വസ്ത്രധാരണം ഞാൻ ശ്രദ്ധിച്ചത്
യൂണിഫോമിന്റെ മുകളിലുള്ള ബട്ടൺ ധരിക്കാതെ, മുഖത്ത് ഒരു മാസ്‌ക് പോലും ധരിക്കാതെ തൂവാല കെട്ടി നിന്ന അദ്ദേഹത്തെ കണ്ടപ്പോൾ തൂവാല കെട്ടിപ്പോയി പൊലീസ് പിഴയടപ്പിച്ച ദിവസവേതനക്കാരനായ എന്റെ ഒരു സുഹൃത്തിനെ എനിക്ക് ഓർമ്മ വന്നു. ഞാൻ എന്റെ ഫോണിൽ ആ സിവിൽ പൊലീസ് ഓഫീസറുടെ ചിത്രം പകർത്തുകയുണ്ടായി. അത് കണ്ട സമയം വളരെ മോശമായി ' നീ എന്തുവാടാ മൈരേ ഫോട്ടോയെടുക്കുന്നതെന്ന് ' ആ ഉദ്യോഗസ്ഥൻ എന്നോട് ചോദിക്കുകയുണ്ടായി. ' സർ താങ്കൾ യൂണിഫോം ധരിച്ചിരിക്കുന്നത് മാന്യമായല്ലെന്നും ബട്ടൺ ഇട്ടിട്ടില്ലെന്നും മാസ്‌ക് ധരിച്ചിട്ടില്ലെന്നും ' അദ്ദേഹത്തോട് ഞാൻ പറഞ്ഞപ്പോൾ ബട്ടൺ പൊട്ടിപ്പോയെന്ന് ആ ഉദ്യോഗസ്ഥൻ എന്നോട് പറയുകയുണ്ടായി. അത് പോലെ തന്നെയാണ് സർ സീറ്റ് ബെൽറ്റും പൊട്ടിയതാണെന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടി കേട്ടാൽ അറക്കുന്ന അസഭ്യമായിരുന്നു

നീ ഒരു കാര്യം ചെയ്യൂ ഞാൻ സിബ് തുറന്ന് തരാം അതുകൂടി എടുക്കടാ മൈരേ എന്നുള്ള അയാളുടെ വാക്കുകളിൽ സംയമനം നഷ്ടപ്പെട്ട ഞാൻ ഒന്നും മിണ്ടാതെ കാറിലേക്ക് പോയി അതിനുള്ളിൽ കയറി ഇരിക്കുകയുണ്ടായി

വാഹനത്തിന്റെ മുഴുവൻ പേപ്പറുകളും കാണണം എന്നായി പിന്നീട് അവരുടെ ആവശ്യം, പേപ്പറുകൾ ഹാജരാക്കിയപ്പോൾ അതേ സിവിൽ പൊലീസ് ഓഫീസർ തന്നെ എന്റെ സുഹൃത്തിനോട് ' നിന്റെ ആ കൂട്ടുകാരനോട് വന്ന് കുറച്ച് ഫോട്ടോ കൂടി എടുക്കാൻ പറയടാ ഞാൻ നന്നായി നിന്നുകൊടുക്കാം ' എന്ന് പറയുകയുണ്ടായി

അത് കേട്ട അവൻ അത് നിങ്ങൾ തന്നെ നേരിട്ട് അവനോട് പറഞ്ഞാൽ മതിയെന്ന് മറുപടി പറഞ്ഞപ്പോൾ ആ സിവിൽ പൊലീസ് ഓഫീസർ ഉച്ചത്തിൽ അവനെ അസഭ്യം പറയുകയും കൈ ചൂണ്ടി സംസാരിക്കുകയും അടിക്കാൻ കൈ ഓങ്ങുകയും ചെയ്തു അത് മൊബൈലിൽ പകർത്താനായി അവിടേക്ക് ചെന്ന എന്റെ ഫോൺ ബലപ്രയോഗത്തിലൂടെ ആ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർമാരും നിയമവിരുദ്ധമായി പിടിച്ചുവാങ്ങി അവരുടെ കൈവശം വെക്കുകയുണ്ടായി

അതേ സമയം തന്നെ മാന്നാർ സ്റ്റേഷനിൽ നിന്നും മറ്റൊരു വാഹനത്തിൽ അവിടെയെത്തിയ പ്രിൻസിപ്പൽ എസ്‌ഐയും പൊലീസുകാരും കൂടി എന്റെ സുഹൃത്തിന്റെ ഫോണും പിടിച്ചുവാങ്ങുകയും ഞങ്ങളെ ബലമായി മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു

പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് അങ്ങേയറ്റം അസഭ്യമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് അനന്ദം കണ്ടെത്തുകയായിരുന്നു അവർ
അതിനിടയിൽ മാന്യമായി യൂണിഫോം ധരിക്കാതെ മാസ്‌ക് ധരിക്കാതെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഇറങ്ങിയ സിവിൽ പൊലീസ് ഓഫീസർ അയാളെ സ്വയം പരിചയപ്പെടുത്തി , അത് ഇങ്ങനെയായിരുന്നു
' എന്റെ പേര് സിദ്ധിഖുൽ അക്‌ബർ, ഞാൻ കഷ്ടപ്പെട്ട് ജോലിക്ക് കയറി ഈ ശരീരം ഇങ്ങനെ വെച്ചിരിക്കുന്നത് ഊമ്പാനല്ല നാല് പേരെ കാണിക്കാനാണ് നിനക്ക് എന്ത് മൈരാ ചെയ്യാൻ പറ്റുന്നത് എന്ന് വച്ചാൽ നീ ചെയ്യടാ , നീ എന്റെ ഡ്യുട്ടി തടസ്സപ്പെടുത്തിയതിന് നിന്നെ റിമാൻഡ് ചെയ്യാൻ പോവാണ് '

മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഞങ്ങളെ ഏതാണ്ട് ഒരു മണിക്കൂറോളം അസഭ്യം പറയുന്നത് തന്നെയായിരുന്നു ഈ സിദ്ദിഖ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രധാന വിനോദം..
അതിനിടയിൽ അയാൾ ജില്ലയിലെ ഏറ്റവും മികച്ച പൊലീസുകാരനാണ് എന്നും ഈ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് എന്നും അയാൾ തന്നെയും പിന്നെ മറ്റു ചില ഉദ്യോഗസ്ഥരും ഞങ്ങളോട് പറയുകയുണ്ടായി

ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയടക്കാൻ അവർക്ക് വകുപ്പുണ്ടെന്നും അവർ ബട്ടൺ ധരിച്ചില്ലെങ്കിൽ എന്ത് വകുപ്പാണ് നിനക്കൊക്കെയുള്ളതെന്നുമുള്ള സിദ്ദിഖിന്റെ ചോദ്യത്തിന് ' ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഇറങ്ങുമ്പോൾ മാന്യമായും കൃത്യമായും യൂണിഫോം ധരിക്കണം എന്നും അവരുടെ എന്ത് തരം നിയമപരമായ പ്രവൃത്തികളും പൗരന് പകർത്താം എന്നുള്ളതും കേരളാ പൊലീസ് ആക്റ്റ് എന്ന് പേരുള്ള അവരുടെ തന്നെ നിയമം പറയുന്നതാണെന്ന് പറഞ്ഞ എന്നോട് നിന്നെപ്പോലെയുള്ള തന്തയില്ലാത്തവന്മ്മാർക്ക് സർവീസ് ചെയ്യാനുള്ളതല്ല പൊലീസ് എന്നായിരുന്നു അയാളുടെ മറുപടി കൂടാതെ എനിക്കിഷ്ടമുള്ളത് പോലെ വേണമെങ്കിൽ തുണിയില്ലാതെ ഞാൻ ഡ്യൂട്ടി ചെയ്യും നീ ചെയ്യാനുള്ളത് ചെയ്യടാ എന്നും അയാൾ വെല്ലുവിളിച്ചു
ഈ വെല്ലുവിളികൾ വിലയിടിക്കുന്നത് നിങ്ങളുടെ തന്നെയാണ് സർ എന്ന് പറഞ്ഞ എന്നോട് പുഴുത്ത തെറിയായിരുന്നു അയാളുടെ മറുപടി

ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ പെരുമാറിയ സേനക്ക് തന്നെ അപമാനം ഉളവാക്കുന്ന തരത്തിലായിരുന്നു ' പൊലീസുകാരുടെ മുകളിലെ മാത്രം ആക്കണ്ടടാ താഴെയുള്ളത് കൂടിയെടുക്ക് എന്നുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മറുപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച എന്നോട് ഇവന്മാർ കഞ്ചാവ് ആയിരിക്കും മെഡിക്കലെടുത്ത് റിമാൻഡ് വിട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്റ്റേഷനുള്ളിലേക്ക് പോയി
ഏതാണ്ട് ഒന്നര മണിക്കൂർ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനിൽ നിർത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്ത് ആനന്ദിച്ച മാന്നാർ പൊലീസ് പിന്നീട് ഫോണും തന്ന് ഞങ്ങളെ പറഞ്ഞയിച്ചു ഒപ്പം ഇതാണ് കേരളാ പൊലീസ് എന്നുള്ള കിണ്ണം കാച്ചിയ ഡയലോഗും

ഇനി പറയാനുള്ളത് പൊതുവായാണ്..
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ, ഒരു സ്റ്റേഷന്റെ പരമാധികാരിയായ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പെരുമാറ്റം ഇങ്ങനെയാണ് എങ്കിൽ ഞങ്ങളെ മർദ്ദിക്കാതിരുന്നത് അവരുടെ ഔദാര്യം എന്നെ എനിക്കിപ്പോൾ തോന്നുന്നുള്ളു
നാളെ ചെങ്ങന്നൂർ dysp മുൻപാകെ സ്റ്റേറ്റ്‌മെന്റ് കൊടുക്കാൻ അറിയിച്ചിട്ടുണ്ട്.. ബാക്കി പിന്നാലെ