- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ വൈറ്റിനെ തോല്പിച്ച് മോശം പടത്തിനുള്ള പുരസ്കാരം അടൂരിന്റെ പിന്നെയും നേടി; ഏറ്റവും മോശം നടനുള്ള പുരസ്കാരം ദിലീപിന്; തറ വളിപ്പിനുള്ള സമഗ്ര സംഭാവനാ പുരസ്‌ക്കാരം കുഞ്ചക്കോ ബോബനും, ജയസൂര്യക്കും: പോയ വർഷം പ്രേക്ഷകരെ കൊന്ന സിനിമക്കും സിനിമാക്കാർക്കുമുള്ള പുരസ്കാരം നിശ്ചയിച്ചാൽ ഇങ്ങനെയിരിക്കും
ചരിത്രത്തിന്റെ ഒരു തിരിച്ചടി നോക്കണേ! നമ്മുടെ സന്തോഷ് പണ്ഡിറ്റും, ബുദ്ധിജീവി സിനിമകളുടെ ആശാനായ അടൂർ ഗോപാലകൃഷ്ണനും ഒരേ അവാർഡ് പങ്കുവച്ചാലോ. ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഏറ്റവും മോശപ്പെട്ടവ തെരഞ്ഞെടുത്ത് മാർക്കിട്ട് കൊടുക്കുമ്പോൾ അങ്ങനെയൊരു സാധ്യതയുണ്ടായിരുന്നു. 'നീലിമ നല്ല കുട്ടിയാണെന്ന' നമ്മുടെ സ്വയം പ്രഖ്യാപിത പണ്ഡിറ്റിന്റെ സിനിമയും, ലോക സിനിമ അരച്ചുകലക്കിയ പണ്ഡിതനായ അടൂരിന്റെ 'പിന്നെയും'മാണ് ഈ വർഷത്തെ ഈ ലേഖകൻ കണ്ട ഏറ്റവും മോശം സിനിമകൾ. പാവം പണ്ഡിറ്റിനോട് പൊറുക്കാം. ആരുടെയോക്കെയോ പിരികേറ്റലിൽ സ്വയം കോമാളിയാവാൻ വിധിക്കപ്പെട്ടയാൾ. മറ്റുള്ളവരെ പരിഹസിച്ച് ആനന്ദിക്കുകയെന്ന മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്രൂരവിനോദത്തിന്റെ ജീവിച്ചിരിക്കുന്ന ഇര. അയാൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. മാത്രമല്ല മുഖ്യധാരാ മലയാള സിനിമാ പ്രവർത്തകർ അയാളെ ഒരിടത്തും അടുപ്പിക്കാറുമില്ല. പിന്നെന്തിനാണ് ഈ വിലയിരുത്തൽ എന്നോർത്താണ് സന്തോഷിനെ ഒഴിവാക്കിയത്. പക്ഷേ അടൂരിനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഈ വർ
ചരിത്രത്തിന്റെ ഒരു തിരിച്ചടി നോക്കണേ! നമ്മുടെ സന്തോഷ് പണ്ഡിറ്റും, ബുദ്ധിജീവി സിനിമകളുടെ ആശാനായ അടൂർ ഗോപാലകൃഷ്ണനും ഒരേ അവാർഡ് പങ്കുവച്ചാലോ. ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഏറ്റവും മോശപ്പെട്ടവ തെരഞ്ഞെടുത്ത് മാർക്കിട്ട് കൊടുക്കുമ്പോൾ അങ്ങനെയൊരു സാധ്യതയുണ്ടായിരുന്നു. 'നീലിമ നല്ല കുട്ടിയാണെന്ന' നമ്മുടെ സ്വയം പ്രഖ്യാപിത പണ്ഡിറ്റിന്റെ സിനിമയും, ലോക സിനിമ അരച്ചുകലക്കിയ പണ്ഡിതനായ അടൂരിന്റെ 'പിന്നെയും'മാണ് ഈ വർഷത്തെ ഈ ലേഖകൻ കണ്ട ഏറ്റവും മോശം സിനിമകൾ. പാവം പണ്ഡിറ്റിനോട് പൊറുക്കാം. ആരുടെയോക്കെയോ പിരികേറ്റലിൽ സ്വയം കോമാളിയാവാൻ വിധിക്കപ്പെട്ടയാൾ. മറ്റുള്ളവരെ പരിഹസിച്ച് ആനന്ദിക്കുകയെന്ന മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്രൂരവിനോദത്തിന്റെ ജീവിച്ചിരിക്കുന്ന ഇര. അയാൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. മാത്രമല്ല മുഖ്യധാരാ മലയാള സിനിമാ പ്രവർത്തകർ അയാളെ ഒരിടത്തും അടുപ്പിക്കാറുമില്ല. പിന്നെന്തിനാണ് ഈ വിലയിരുത്തൽ എന്നോർത്താണ് സന്തോഷിനെ ഒഴിവാക്കിയത്.
പക്ഷേ അടൂരിനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഈ വർഷത്തെ ഏറ്റവും മോശം സിനിമക്കും സംവിധായകനുമുള്ള അവാർഡ് പോകുന്നത്, സ്വയംവരവും, കൊടിയേറ്റവും, എലിപ്പത്തായവും, വിധേയനും ഒക്കെ എടുത്ത് നിരവധി രാജ്യാന്തരമേളകളിൽ പുരസ്‌ക്കാരം നേടിയ അടൂരിന് തന്നെയാണ്!
ഇതേ നിലവാരത്തകർച്ച മലയാളത്തിലെ ഒട്ടുമിക്ക പടങ്ങൾക്കും കാണം. 118 സിനിമകൾ ഇറങ്ങിയ പോയവർഷം നാൽപ്പതിലേറെ സിനിമകൾ തീയേറ്ററിൽ ഒരാഴ്ചപോലും തികച്ചില്ലെന്ന് ഓർക്കണം. അൽപ്പം എന്തെങ്കിലും കഥയോ കഴമ്പോ ഉണ്ടെങ്കിൽ ഞങ്ങൾ കണ്ട് വിജയിപ്പിച്ചുതാരാമെന്ന് കരുതി പാവം പ്രേക്ഷകർ തീയേറ്ററിലേക്ക് ഇരച്ചു കയറുന്ന കാലത്താണിത്. നോക്കുക അരോചകത്തിന്റെ അയ്യരുകളിയായിട്ടും ദിലീപിന്റെ 'കിങ് ലയറെപ്പോലും' വിജയിപ്പിച്ച കാണികളാണ് ഇവിടെയുള്ളത്. 55 തെറ്റുകൾ, 101 അസംബന്ധങ്ങൾ എന്നുപറഞ്ഞ് ഓരോ പടത്തെകുറിച്ചും യൂ ട്യൂബ് വീഡിയോ ഇറങ്ങുന്നതിനിടെയും അൽപ്പം കൊള്ളാമെങ്കിൽ പ്രേക്ഷകർ വിജയിപ്പിക്കുന്നുണ്ട്. എന്നിട്ടും ഒരു സ്‌കൂൾ കുട്ടിയോട് വൺലൈൻ പറഞ്ഞാൽപോലും പരിഹസിക്കുന്ന പൊട്ടക്കഥകൾക്കാണ് നമ്മുടെ സൂപ്പർ താരങ്ങൾവരെ തലവച്ചുകൊടുക്കുന്നത്. പല പടങ്ങളും കാണുമ്പോൾ കള്ളപ്പണം വെളുപ്പിക്കയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ലൈംഗിക സാഹസിക സാധ്യതകൾ മനസ്സിൽവച്ചാണോ ഈ പടം എടുത്തതെന്ന് തോന്നിപ്പോവും. അല്ലായെ എന്താണ് അവക്ക് സാംഗത്യമെന്ന് പടികിട്ടില്ല.
ഇത്തരക്കാരെ പരിഹസിക്കുകയും നിശിതമായ ആത്മ പരിശോധനക്ക് വിധേയമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഈ മോശം അവാർഡുകളുടെ ലക്ഷ്യവും. അല്ലാതെ ആരെയും അപമാനിക്കലല്ല. ലോകത്തിന്റെ പലഭാഗത്തും നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. ഈ രീതി നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില എന്നേയുള്ളൂ. യു.എസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം പ്രതിനിധിക്കുമുണ്ട് പുരസ്‌ക്കാരം. ഹോളിവുഡ്ഡിന് സമാന്തരമായി മോശം അവാർഡ് നൽകുന്ന കൂട്ടായ്മ ഇന്നും പ്രവർത്തിക്കുന്നു. അത് നിങ്ങളുടെ കലാസൃഷ്ടി മെച്ചമല്ലെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്‌ക്കാർ വാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
2016ന് തിരശ്ശീല വീഴുമ്പോൾ നല്ല സിനിമകളെ തിരഞ്ഞെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം അവയുടെ എണ്ണം വെറും പത്തിൽ താഴെ മാത്രമാണ്. ബാക്കി വരുന്ന അറുബോറുകൾക്കിടയിൽനിന്ന് ഏറ്റവും വഷളത്തങ്ങൾ കണ്ടത്തി പൊതുജനമധ്യത്തിൽ ഹാജരാക്കുകയാണിവിടെ. ഒപ്പം ഒരു അപേക്ഷയും. മേലിൽ ഇത്തരം പടപ്പുകളുമായി വന്ന് ഞങ്ങളുടെ സമയവും പണവും പോക്കറ്റടിക്കരുതേ!
ഈ വർഷത്തെ എറ്റവും മോശം സിനിമ: പിന്നെയും
'പിന്നെയും' എടുത്തത് അടൂർ ഗോപാലകൃഷ്ണനാണ്, അപ്പോൾ പിന്നെ എലിപ്പത്തായം എടുത്തത് ആരാണെന്ന' ഒരു ട്രോൾ ഓർത്തുപോവുകയാണ്. മുമ്പുചെയ്ത സിനിമകളുടെ ആനുകൂല്യത്തിൽ ഒരാളുടെ ചിത്രം വിലയിരത്തപ്പെടേണ്ടതില്ല. അങ്ങനെ നോക്കുമ്പോൾ ശരിക്കുമൊരു സാംസ്കാരിക ദുരന്തമായിരുന്നു അടൂരിന്റെ ഈ പടം. ഇത്രയും അസംബദ്ധങ്ങളും ബോറടിയുമായി ഒരു പടം അടൂരിൽനിന്ന് പ്രതീക്ഷിച്ചില്ല, ദിലീപ്-കാവ്യ ജോടിയെവച്ച് എടുത്ത പൊറാട്ട് നാടകം മാത്രമാണിത്. കൊടിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ വെള്ളപൂശാനും നീക്കവും ഈ പടം നടത്തുന്നുവെന്നത് മറ്റൊരു സാമൂഹിക ദ്രോഹവും.
കാലം ഇത്രയൊക്കെയായിട്ടും, ലോക സിനിമകൾ അത്ഭുതകരമായി മാറിയിട്ടും, ഈ 75-ാം വയസ്സിൽ, തന്റെ സിനിമാജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവേളയിൽ അടൂർ പുറത്തിറക്കിയ 'പിന്നെയും' കണ്ടപ്പോൾ സങ്കടമാണ് ഉണ്ടായത്. സദാ മലബന്ധം അലട്ടുന്നവരെപ്പോലത്തെ മുഖഭാവവുമായി, പ്രാഞ്ചിനടക്കുന്ന കഥാപാത്രങ്ങളും, വെളിച്ചത്തോട് അലർജിയുള്ള മട്ടിലുള്ള ഷോട്ടുകളും ചേർന്നുള്ള ഒന്നാന്തരം നാടകം! അസംബന്ധ ജടിലമായ ഒരു കഥ അങ്ങേയറ്റം ബോറടിയോടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ഷോട്ടുപോലും മനോഹരം എന്നുപറയാനില്ല. ഡയലോഗുകളാണ് കേമം. നബിദിനത്തിനും ഓണാഘോഷത്തിനുമൊക്കെ 'വല്ല തെറ്റുകുറ്റമുണ്ടെിൽ പൊറുക്കണം' എന്ന് പറഞ്ഞ് കുട്ടികൾ നടത്തുന്ന പ്രസംഗംപോലുള്ള ചത്ത സംഭാഷണങ്ങൾ. ഇടക്കിടെ ഇന്ദിരാഗാന്ധി മരിച്ചപ്പോൾ ആകാശവാണിയിലൂടെ കേട്ടതുപോലുള്ള ശോകനാദം പശ്ചാത്തലത്തിൽനിന്ന് ഉയരും. സുകുമാരക്കുറുപ്പിനെ അത്യാഗ്രഹം കൊണ്ട് കൊലപാതകിയായിപ്പോയ ഒരു പാവത്താനായി ചിത്രീകരിച്ചപോലെ, ഗോവിന്ദച്ചാമിയെയും അമീറുൽ ഇസ്ലാമിനെയും ലൈഗിക ദാരിദ്രംകൊണ്ട് അറിയാതെ ബലാൽസംഗികൾ ആയിപ്പോയ പാവങ്ങളായി ചിത്രീകരിച്ച് അടൂർ പിന്നെയും ചിത്രമെടുക്കുമെന്ന് നമുക്ക് ന്യായമായും കരുതാം. അതുകൊണ്ടുതന്നെ ഒരു പാടു വളിപ്പുകൾ കണ്ട ഈ വർഷത്തെ എറ്റവും മോശത്തിനുള്ള അവാർഡ് അടൂരിന് ഇരിക്കട്ടെ.
മോശം സംവിധായകൻ: അടൂർ ഗോപാലകൃഷ്ണൻ
ചലച്ചിത്രം പൂർണമായും സംവിധായകന്റെ കലയാണെന്നാണ് അടുർ എക്കാലവും ഉയർത്തുന്ന വാദം. (സംവിധാനം എന്നല്ല സാക്ഷാത്കാരമെന്നാണ് അദ്ദേഹം തന്റെ പടങ്ങൾക്ക് ടൈറ്റിൽ നൽകുക.) അതുകൊണ്ടുതന്നെ നല്ല സിനിമക്കും നല്ല സംവിധായകനും വെവ്വേറെ അവാർഡ് നൽകേണ്ടതില്ലെന്നാണ് അടൂരിന്റെ വാദം. നമുക്ക് അത് ശരിവെക്കാം. അതുകൊണ്ടുതന്നെ മോശം സിനിമക്കും മോശം സംവിധായകനും രണ്ട് അവാർഡുകൾ വേണ്ട. അടൂർ തന്നെയാവട്ടെ ഇക്കൊല്ലത്തെ ഏറ്റവും മോശം സംവിധായകനും!
രണ്ടാമത്തെ മോശം ചിത്രം: മമ്മൂട്ടിയുടെ വൈറ്റ്
രണ്ടാമത്തെ മോശം സിനിമക്കുള്ള 15ഓളം നോമിനേഷനുകൾക്കിടയിൽ നിന്ന് മെഗസ്സ്‌ററാർ മമ്മൂട്ടി നായകനായ 'വൈറ്റ്' എന്ന സിനിമ അവാർഡ് നേടുന്നത് അത് അസഹനീയങ്ങളിൽ അസഹനീയമായതുകൊണ്ട് മാത്രമാണ്. ഇതിനെയാക്കെ ഇപ്പോഴും നമ്മുടെ നാട്ടിൽ സിനിമയെന്നാണെല്ലോ വിളിക്കുന്നത് എന്നാണ് അത്ഭുതം. ഒരു പുതുമയുമില്ലാത്ത ഒരു വളിപ്പ് കഥയിലേക്ക്, വിവിധ വേഷങ്ങളിൽ കളർഫുള്ളായി മമ്മൂട്ടിയെ കെട്ടിയിറക്കിയുള്ള ഫാഷൻ പരേഡ്! സുന്ദരിയായ ബോളിവുഡ്ഡ് നായിക ഹുമ ഖുറൈശിയും, ലണ്ടൻ നഗരത്തിന്റെ പശ്ചാത്താലവും കൂടിയാവുമ്പോൾ ചിത്രത്തിന്റെ ബാഹ്യസൗന്ദര്യം വർധിക്കുന്നുണ്ട്. ആ പുറംമോടിയിലാണ് സംവിധായകൻ ഉദയ് ആനന്ദൻ വീണുപോയതെന്ന് തോനുന്നു.( രഞ്ജിത്തിന്റെ കേരളാ കഫേയിലെ 'മൃത്യുഞ്ജയം' എന്ന കൊള്ളാവുന്ന പടം ചെയ്ത ആളാണ് കക്ഷി). കക്കൂസിന് ഇറ്റാലിയൻ മാർബിൾ വച്ചപോലയായിപ്പോയി ഈ മിനുക്കലൊക്കെയെന്ന് പറയാതിരിക്കാൻ വയ്യ. ഇറോസ് ഇന്റർ നാഷണൽപോലൊരു വലിയ നിർമ്മാണകമ്പനിയുടെ പിന്തുണയും, മമ്മൂട്ടിയെപ്പോലുള്ള ഒരു മെഗാ സ്റ്റാറിനെയും കിട്ടിയിട്ടും ഈ രീതിയിൽ ചളമായ ഒരു പടമെടുത്തുവച്ച ഇതിന്റെ അണിയറക്കാരോട് സഹതാപമാണ് തോനുന്നത്.
രണ്ടാമത്തെ മോശം സംവിധയകൻ: ഉദയ് ആനന്ദൻ (വൈറ്റ്), സുന്ദർദാസ് (വെൽക്കം ടു സെൻട്രൽ ജയിൽ)
സിനിമ സംവിധായകന്റെ കലയാണെന്ന അടൂരിയൻ സിദ്ധാന്തംവച്ച് വൈറ്റിന്റെ സാക്ഷാത്ക്കാരകൻ എന്ന പേരിൽ ഉദയ് ആനന്ദൻ ഈ ചീത്തപ്പേരിന് അർഹനാണ്. പക്ഷേ ഈ പദവി സുന്ദർദാസുമായി പങ്കുവെക്കപ്പെടുന്നത് തത്തുല്യമായി അരോചകമായി എടുത്ത 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന പടപ്പിന്റെ പേരിലാണ്.സല്ലാപംപോലത്തെ നല്ല ചിത്രങ്ങൾ എടുത്ത സുന്ദർദാസ് ഇങ്ങനെ അധപ്പതിക്കരിച്ചതിലുള്ള പ്രതിഷേധം കൂടിയാണ് ഈ അവാർഡ്. അരോചകമായ കോമഡികൾകൊണ്ടുള്ള ഭീകരാക്രമണമായ ഈ പടമൊക്കെയെടുത്ത് കാലം കഴിക്കുന്നതിലും നല്ലത്, വല്ല ജൈവകൃഷിയുമായി കഴിഞ്ഞുകൂടുന്നതാണ്.
മോശം നടൻ : ദിലീപ് ( കിങ് ലയർ, വെൽക്കം ടു സെൻട്രൽ ജയിൽ)
ദിലീപിന് മോശം നടനുള്ള പുരസ്‌ക്കാരം കിട്ടുന്നത്, അയാൾ നായകനായ ഈ വർഷത്തെ ഏറ്റവും മോശം സിനിമയായ 'പിന്നെയും' കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. ആ പടത്തിൽ തന്നാലാവുന്നതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. നായിക കാവ്യയും അത്രമോശമാക്കിയിട്ടുമില്ല. പക്ഷേ അതിനുമുമ്പും ശേഷവും വന്ന രണ്ട് പടപ്പുകളുണ്ട്. ലാലിന്റെ 'കിങ് ലയറും', സുന്ദർദാസിന്റെ 'വെൽക്കം ടു സെൻട്രൽ ജയിലും'. കിങ് ലയറിലെയൊക്കെ ദിലീപിന്റെ ഭാവാഭിനയത്തിന് ശരിക്കും ഓസ്‌ക്കാർ തന്നെ കൊടുക്കേണ്ടതാണ്. കോമഡിയെന്നപേരിൽ പച്ചാളം ഭാസി പറഞ്ഞപോലെ പശു ചാണകമിടുന്ന ആക്ഷൻ കാണിച്ചൊപ്പിക്കുന്നു.എന്നിട്ടും ഈ വളിപ്പിനെയൊക്കെ വിജയിപ്പിച്ചവരാണ് നമ്മുടെ പാവം പ്രേക്ഷകർ.വെൽക്കം ടു സെൻട്രൽ ജയിലിൽ എത്തിയപ്പോൾ അത് വളിപ്പിൽ നിന്ന് തറവളിപ്പായി നിലവാരം ഉയർന്നു. പക്ഷേ ഇത്തവണ പ്രേക്ഷനെ പറ്റിക്കാനായില്ല. പടം എട്ടുനിലയിലല്ല, പതിനാറു നിലയിൽ പൊട്ടി.
മോശം നടി: അനുശ്രീ ( ഒപ്പം), അമലാപോൾ( ഷാജഹാനും പരീക്കുട്ടിയും), ശ്യാമിലി( വള്ളീം തെറ്റി പുള്ളീം തെറ്റി)
പൊതുവേ സിനിമ താരകേന്ദ്രീകൃതമാവുകയും നടികൾ പിറകോട്ടടിക്കുകയും ചെയ്ത വർഷമാണ് കടന്നുപോയത്. നമ്മുടെ ലേഡി സൂപ്പർസ്‌ററാർ എന്ന് വിളിക്കാവുന്ന മഞ്ജുവാരിയർപോലും വിപണിയിൽ കാലിടറി വീണ വർഷമാണിത്. പക്ഷേ തങ്ങൾക്ക് കിട്ടുന്ന റോളുകൾ ഉജ്ജ്വലമാക്കാനുള്ള അത്മാർഥമായ ശ്രമങ്ങൾ ഇവരിൽ എത്രപേരിൽനിന്ന് ഉണ്ടാവുന്നുവെന്നതും നോക്കേണണ്ടതാണ്. ലാലേട്ടന്റെ സൂപ്പർ ഹിറ്റായ 'ഒപ്പത്തിലെ' അനുശ്രീയുടെ കഥാപാത്രം തന്നെനോക്കുക.ആ റോളിനുവേണ്ട ഊർജപ്രവാഹത്തിന്റെ എവിടെയെങ്കിലും എത്തിയോ ഈ നടി. 'ഷാജാഹാനും പരീക്കുട്ടിയുമെന്ന' അറുവഷളൻ ചിത്രത്തിലെ അമാലപോളിന്റെ പ്രകടനവും ഇതേ അവസ്ഥയിലാണ്. അഭിനയമെന്നാൽ മേക്കപ്പാണെന്നാണ് ഈ നടി തെറ്റിദ്ധരിച്ചിരിക്കുന്നത്. വള്ളീംതെറ്റി പുള്ളീം തെറ്റിയെന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയായി എത്തിയ പഴയ ബേബി ശ്യാമിലി, മുതിർന്നപ്പോൾ പഴയകാലത്തിന്റെ നിഴൽപോലെ നിൽക്കുന്നു.
മോശം രചന: ബെന്നി പി.നായരമ്പലം( വെൽക്കം ടു സെൻട്രൽ ജയിൽ)
ദിലീപിനുവേണ്ടി എത്രയോ വിജയ ചിത്രങ്ങൾ ഒരിക്കിയ ഹിറ്റ്‌മേക്കറാണ് ബെന്നി പി. നായരമ്പലം. പക്ഷേ ഈ പടത്തിൽ സാമാന്യ ബുദ്ധിയെന്ന സാധനം ലോക്കറിൽ വച്ച് പൂട്ടിയാണ് അദ്ദേഹം എഴുതാനിരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ജയിലുകൾ ഉണ്ടെന്നും, ഇനി ഒരേ ജയിലിൽ തന്നെയാണെങ്കിൽ അവരെ പരസ്പരം കാണാത്ത വ്യത്യസ്ത സെല്ലുകളിലാണ് പാർപ്പിക്കാറുള്ളതെന്നും ആർക്കാണ് അറിയാത്തത്. എന്നാൽ ഈ പടത്തിൽ നായകൻ ദിലീപ്, ഒരു അച്ചടക്കവുമില്ലാതെ സ്ത്രീകളുടെ സെല്ലിലേക്ക് എത്തിച്ചേരുന്നത് കാണുമ്പോൾ നാം അന്തം വിട്ടുപോകും. ഇത് ഒരു സാമ്പിൾ മാത്രം. ഇത്തരം അസംബന്ധങ്ങളുടെയും വിവരക്കേടിന്റെയും ജുഗൽബന്ദിയാണ് ഈ പടം. അതുകൊണ്ടുതന്നെ മോശം തൂലികക്കുള്ള പുരസ്‌ക്കാരം ഒരു പാട് ഹിറ്റുകൾ ഉണ്ടായ ആ കൈകളിൽ ഇരിക്കട്ടെ.
തറവളിപ്പിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം:
കുഞ്ചാക്കോബോബൻ, ജയസൂര്യ മുമ്പ് നല്ല ചിത്രങ്ങളിൽ വേഷമിട്ടിരുന്ന കുഞ്ചാക്കൊ ബോബനും, ജയസൂര്യയും ഇപ്പോൾ ആരാണ് വലിയ ബോറൻ എന്ന് തെളിയിക്കാനുള്ള മൽസരത്തിലാണെന്ന് തോനുന്നു. വള്ളീതെറ്റി പുള്ളീം തെറ്റി, ഷാജഹാനും പരീക്കുട്ടിയും,സ്‌കൂൾ ബസ്, ഇടി എന്നിങ്ങനെയുള്ള ചിത്രങ്ങൾ കണ്ടാൽ,എന്തിനാണ് ഇതുപോലൊരു പടപ്പ് എടുത്തതെന്ന് ആർക്കും പടിയില്ല.മുമ്പൊക്കെ കഥാപാത്രസൃഷ്ടിയിൽ ജയസൂര്യ അൽപ്പം വൈവിധ്യം കാണിക്കാറുണ്ടായിരുന്നു.ഇങ്ങനെ പോയാലുള്ള കുഴപ്പം ഈ താരങ്ങൾക്ക് മാത്രമല്ല.മലയാള സിനിമയത്തെന്നെ പ്രേക്ഷകകർ വെറുത്തുപോവും. 2000ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന തീയേറ്റുകർ കല്യാണ മണ്ഡപങ്ങളാവുന്ന ട്രെൻഡ് വീണ്ടും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ ഈ താരങ്ങൾക്ക് നല്ല ബുദ്ധികൊടുക്കണേയെന്ന് പ്രാർത്ഥിക്കട്ടെ.
വാൽക്കഷ്ണം:- കൺഫ്യൂഷൻ മൂലം ഇത്തവണയും സംഗീതത്തിന് അവാർഡില്ല. നമ്മുടെ പൂമരപ്പാട്ടിന്റെ അസംബന്ധങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് വാട്‌സാപ്പിൽ വന്ന സന്ദേശങ്ങൾ ഓർമ്മയില്ലേ. കപ്പലിലെ പങ്കായം പൊക്കിയാണെല്ലോ നോക്കുന്നത്. കേൾക്കാൻ ഇമ്പമുള്ളതാണെങ്കിലും യുക്തിഭദ്രമായി വിലയിരുത്തുമ്പോൾ എന്ത് അർഥമാണ് ആ പാട്ടിനുള്ളത്. ഇത് മലയാള ഗാനരചനാശാഖയുടെ മൊത്തം പ്രശ്‌നമാണ്. അടർത്തി മാറ്റി അർഥം നോക്കിയാൽ ഒന്നു മുണ്ടാവില്ല. സംഗീതത്തിന്റെ കാര്യമെടുത്താൽ ഒന്നിനൊന്ന് കർണകഠോരമായ കഴുതരാഗങ്ങൾക്കിടയിൽ ഏറ്റവും മോശത്തിനെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. അത്രക്ക് അധപ്പതിച്ചിരിക്കയാണ് നമ്മുടെ ചലച്ചിത്ര ഗാന ശാഖ.അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും, നിലവാരത്തകർച്ച സൃഷ്ടിച്ച കൺഫ്യൂഷൻ മൂലം ഏറ്റവും മോശമായതിനെ കണ്ടാത്താനാവത്തതിനാൽ സംഗീതത്തെ ഈ അവാർഡിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു!