തിരുവനന്തപുരം: അല്ല.. കേരളത്തിൽ കോൺഗ്രസ്സിന് വലിയ പ്രശ്‌നമുണ്ടാക്കാതിരിക്കാൻ ആണോ ഈ നേതാക്കളെ ഡൽഹിയിലേക്ക് അയച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഇത്. വിഷയം മറ്റൊന്നുമല്ല. മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആന്റണിയും വയലാർ രവിയും പിജെ കുര്യനുമൊക്കെ നമ്മൾ ഇവിടെ നിന്ന് രാജ്യസഭയിലേക്ക് എംപിമാരായി വിട്ടിട്ട് അവർ അവിടെ എന്തുചെയ്യുന്നു സാമാജികർ എന്ന നിലയിൽ എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ ഇന്ന് നൽകിയ റിപ്പോർട്ട് പ്രകാരം ഈ മൂവരും സിപിഎം രാജ്യസഭാ എംപിമാരെക്കാൾ ബഹുദൂരം പിന്നിലാണ്. അതാണ് ചർച്ചയാകുന്നതും.

കേരളത്തെ പ്രതിനിധീകരിച്ച് എംപിമാരായ എകെ ആന്റണിയും വയലാർ രവിയും പിജെ കുര്യനും സഭയിൽ സംസാരിച്ചതുതന്നെ അപൂർവം. അതേസമയം സിപിഎം പ്രതിനിധികളായി എത്തിയ കെകെ രാഗേഷും സിപി നാരായണനും കെ സോമപ്രസാദുമെല്ലാം സഭയിൽ ബിജെപിക്കെതിരെയും സമകാലീന വിഷയങ്ങൾ ഉന്നയിച്ചും ചോദ്യശരങ്ങൾ ഉന്നയിച്ചും ചർച്ചകളിൽ പങ്കെടുത്തുമെല്ലാം മോദി സർക്കാരിനെ ഞെട്ടിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രകടനം ചർച്ചയാകുന്നത്.

കേരളത്തിന്റെ പ്രതിനിധികളായ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം സഭയിൽ പെർഫോമൻസിന്റെ കാര്യത്തിൽ വലിയ പരാജയമായി മാറിയെന്ന് സൂചിപ്പിച്ചാണ് പത്ര റിപ്പോർട്ട്. ബിജെപി കേന്ദ്രം ഭരിക്കുന്ന കാലത്ത് പ്രതിപക്ഷാംഗമെന്ന നിലയിൽ ഇവർ തങ്ങളുടെ കടമ നിർവഹിച്ചോ എന്നാണ് ചോദ്യം. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിൽ ഇവർ ചർച്ചകളിൽ പങ്കെടുത്തതും നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചതും സ്വകാര്യ ബിൽ കൊണ്ടുവന്നതും എത്രമാത്രമെന്ന് വിലയിരുത്തിയാണ് ഇത്തരമൊരു വിശകലനം.

ചോദ്യങ്ങൾ ചോദിച്ചകാര്യത്തിലും ചർച്ചകളിൽ പങ്കെടുത്ത കാര്യത്തിലും സംസ്ഥാന താൽപര്യാർ്ഥം സ്വകാര്യ ബിൽ അവതരിപ്പിച്ച കാര്യത്തിലും ഇവരുടെ പ്രകടനം വിലയിരുത്തിയാണ് റിപ്പോർട്ട്. സിപിഎം അംഗങ്ങളായ കെ കെ രാഗേഷ് (398,139,4), സിപി നാരായണൻ (629, 147, 0), കെ സോമപ്രസാദ് (105, 53, 0) എന്നിവർ ബഹുദൂരം മുന്നിലാണ്.

എന്നാൽ കോൺഗ്രസിന്റെ മുതിർന്ന അംഗങ്ങളായ എകെ ആന്റണി (0-10-0), വയലാർ രവി (31-05-4) പിജെ കുര്യൻ (150-35-4) എന്നിവർ ഏറെ പിന്നിലും. ഇതാണ് ചർച്ചയായത്. സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി രാജ്യസഭയിൽ പ്രശ്‌നങ്ങളിൽ ഇടപെടേണ്ട പ്രതിനിധികൾ ഇങ്ങനെ ചെയ്യാമോ എന്ന ചർച്ചയുമായാണ് സോഷ്യൽ മീഡിയ മുന്നേറുന്നത്.

ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചുവടെ: