- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ആസ്തി പുനർനിർമ്മാണ കമ്പനി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി; തുടർ നടപടികൾക്കായി ആർബിഐ അനുമതി ഉടനെന്ന് റിപ്പോർട്ട്; ബാഡ് ബാങ്ക് ലക്ഷ്യമിടുന്നത് നിഷ്ക്രിയ ആസ്തികളെ പ്രൊഫഷണലായി കൈകാര്യം ചെയ്യൽ ഉൾപ്പടെ വിപുലമായ ഇടപെടലുകൾ
മുംബൈ: ബാഡ് ബാങ്ക് അഥവാ ദേശീയ ആസ്തി പുനർനിർമ്മാണ കമ്പനി (എൻഎആർസി) ഓദ്യോഗികമായി രജിസ്റ്റർ ചെയ്തു.ഇനി മുന്നോട്ടുള്ള നടപടികൾക്ക് സ്ഥാപനത്തിന് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ട്. അത് ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് ആയിരിക്കും സ്ഥാപനത്തിന്റെ ലീഡ് ബാങ്ക്. നിഷ്ക്രിയ ആസ്തികളെ പ്രൊഫഷണലായി കൈകാര്യം ചെയ്യുക, പൊതുമേഖല ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ശുദ്ധീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി വിഭാവനം ചെയ്തതാണ് ബാഡ്ബാങ്ക്. കഴിഞ്ഞ ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു ബാഡ് ബാങ്ക്.
രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും എൻഎആർസിയിൽ നിക്ഷേപം നടത്തുന്നുണ്ട്. പൊതുമേഖല ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികൾ സ്ഥാപനത്തിലേക്ക് മാറ്റുന്നതോടെ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യം. ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികൾ തിരിച്ചുപിടിക്കുന്നതിനായി 2016 ൽ പാപ്പരത്ത നിയമം നടപ്പാക്കിയെങ്കിലും അതിന് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ആയിരുന്നില്ല. പ്രസ്തുത സാഹചര്യത്തിലാണ് ആസ്തി പുനർ നിർമ്മാണ കമ്പനി എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്
74.6 കോടി രൂപയാണ് സ്ഥാപനത്തിന്റെ പ്രാരംഭ മൂലധനം. ജൂലൈ ഏഴിനാണ് എൻഎആർസി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ കിട്ടാക്കട ആസ്തികൾ കൈകാര്യം ചെയ്തിരുന്ന മലയാളിയായ പത്മകുമാർ മാധവൻ നായർ ആണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുനിൽ മേത്ത സ്ഥാപനത്തിന്റെ ഡയറക്ടറായി എത്തും. സ്റ്റേറ്റ് ബാങ്കിന്റെ പ്രതിനിധിയായി സലീ എസ് നായരും കാനറ ബാങ്കിന്റെ പ്രതിനിധിയായ അജിത് കൃഷ്ണൻ നായരും ബോർഡിലേക്ക് എത്തുമെന്നും സൂചനകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ