കാസർഗോഡ്: കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാസർഗോഡ് ബദിയടുക്കയിലെ മാന്യയിൽ പണിയുന്ന ക്രിക്കറ്റ് സ്റ്റേഡിയം മിച്ച ഭൂമിയിലെന്ന് വില്ലേജ് അധികാരികളുടെ റിപ്പോർട്ട്. മാത്രമല്ല 77 സെന്റ് ഭൂമിയിലൂടെ ഒഴുകുന്ന തോട് പൂർണ്ണമായും മണ്ണിട്ട് മൂടിയതായും മുൻ ബേളം വില്ലേജ് ഓഫീസർ രേഖകൾ സഹിതം കാസർഗോഡ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നതിന്റെ രേഖ മറുനാടന് ലഭിച്ചു.

കഴിഞ്ഞ ഏപ്രിൽ 10 ന് റിപ്പോർട്ട് കലക്ടർക്ക് അയച്ചെങ്കിലും ഇക്കാര്യത്തിൽ തുടർ നടപടയൊന്നും ഉണ്ടായില്ല. തോടിന്റെ ഇരുഭാഗവുമായി കിടന്ന ഭൂമി ഒറ്റ സ്ഥലമായി രൂപപ്പെടുത്താനായിരുന്നു തോട് മണ്ണിട്ട് മൂടിയത്.

കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ടി.സി. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു കാസർഗോഡ് ബദിയടുക്ക പഞ്ചായത്തിലെ മാന്യയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണമാരംഭിച്ചത്. പതിനേഴ് ഏക്കർ മറിച്ചുവിറ്റതിൽ എട്ടുകോടിയിൽപ്പരം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യം മറുനാടൻ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

മാന്യയിലെ പൈനാപ്പിൾ കൃഷിത്തോട്ടമായിരുന്നു സ്റ്റേഡിയത്തിന് വേണ്ടി ഏറ്റെടുത്തിരുന്നത്. സെന്റിന് 6,000 രൂപ വിലയുറപ്പിച്ചായിരുന്നു ഈ സ്ഥലം ഇടപാട് നടത്തിയത്. എന്നാൽ ക്രിക്കറ്റ് അസോസിയേഷന് സെന്റിന് 56,000 രൂപക്കാണ് വിറ്റതെന്നാണ് രേഖ. ആർക്കും സംശയം തോന്നാത്ത വിധമാണ് അണിയറയിൽ എല്ലാം നടന്നത്.

എല്ലാറ്റിനും നേതൃത്വം നൽകിയത് ടി.സി. മാത്യുവും കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സി.എ. ഹാരിസുമാണെന്നും ബന്ധപ്പെട്ടവർ പറയുന്നു. അസോസിയേഷനിലെ മറ്റ് ഭാരവാഹികളെ കച്ചവടകാര്യത്തിൽ അടുപ്പിച്ചിരുന്നുമില്ല. അതുകൊണ്ടു തന്നെ സ്ഥലം കച്ചവടം നടന്നതു മുതൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ അസ്വാരസ്യം പടർന്നിരുന്നു.

സ്റ്റേഡിയം നിലനിൽക്കുന്ന അതേ സ്ഥലത്ത് മിച്ച ഭൂമിയുടെ സർവ്വേ നമ്പറുകൾ വ്യക്തമാക്കി നൽകിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. 560 (2/ A ) 2/B,2/C,2/D,2/E, 2/F,2/G2/H, സർവ്വേ നമ്പർ 559 എന്നീ സ്ഥലങ്ങളില്ലാം ഭൂരിഭാഗവും സർക്കാർ മിച്ച ഭൂമിയായി രേഖപ്പെടുത്തിയതാണ്. എന്നാൽ ഈ സ്ഥലങ്ങളിൽ ചില ഭാഗങ്ങൾ ഇപ്പോൾ സ്റ്റേഡിയത്തിൽ പെട്ടിട്ടുണ്ടെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 

മിച്ച ഭൂമി സംരക്ഷിച്ചു നിർത്തേണ്ട റവന്യൂ അധികൃതർ ഇതുവരെ ഈ പ്രശ്നത്തിൽ അന്വേഷണമോ നടപടിയോ ആരംഭിച്ചിട്ടില്ല. സർക്കാർ തന്നെ സ്റ്റേഡിയം നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ കൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടും നടപടിയൊന്നുമുണ്ടാവുന്നില്ല.

ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.സി.മാത്യുവിന്റെ അപ്രമാദിത്വത്തിൽ ഇതുവരെ എല്ലാം രഹസ്യമായിരുന്നുവെങ്കിലും ഇപ്പോൾ പതിയെ അഴിമിതി കഥകൾ പുറത്ത് വരികയാണ്. കാസർഗോട്ടെ പ്രമുഖ വ്യവസായികളായിരുന്ന അബ്ദുൾ കരിം, ഉപ്പള ലത്തീഫ്, അരമന ഹനീഫ എന്നിവരുടെ ഉടമസഥതയിലുള്ള പൈനാപ്പിൾ തോട്ടമായിരുന്നു ഇപ്പോൾ സ്റ്റേഡിയമായി മാറുന്നത്.

നിയമപരമായി ടെൻഡർ നടപടികൾ പാലിക്കാതെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണ ചുമതലകൾ വീതംവച്ചു നൽകിയും അഴിമതി നടത്തിയെന്ന ആക്ഷേപം പുറത്ത് വന്നിട്ടുണ്ട്.

സ്റ്റേഡിയത്തിന്റെ മതിൽ നിർമ്മാണവും ഓവുചാൽ നിർമ്മാണവും ഇപ്പോൾ വിവാദത്തിലായിരിക്കയാണ്. മുൻ ഭാരവാഹികളുടെ പേരിലുള്ള ചെക്കുകൾ ഉപയോഗിച്ച് ബാങ്കിൽ നിന്ന് പണം പിൻവലിച്ചതായി അറിവായിട്ടുണ്ട്. ഗ്രേറ്റ് ഹിസ്റ്ററി മെയ്ക്കേഴ്സ് എന്ന അഴിമതി വിരുദ്ധ കൂട്ടായ്മ സ്റ്റേഡിയ നിർമ്മാണത്തിലെ ക്രമക്കേടിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ്.