മനാമ: സൗദി അറേബ്യയ്ക്ക് നേരെ ഹൂതി മിലിഷ്യകൾ നടത്തിയ വ്യോമാക്രമണ ശ്രമത്തെ ബഹ്റൈൻ അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ അയച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമ പ്രതിരോധസേന തകർത്തത്.

രാജ്യത്തിന്റെ സുരക്ഷയും അതിർത്തിയും സംരക്ഷിക്കുന്നതിന് സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നശിപ്പിച്ച സൗദി വ്യോമ പ്രതിരോധസേനയുടെ ജാഗ്രതയെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളാൻ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

അതേസമയം സൗദി അറേബ്യയിൽ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറബ് സഖ്യസേന തകർത്തിരുന്നു. യെമനിലെ ഹുദൈദയ്ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. അറബ് സഖ്യസേന യെമനിൽ നടത്തിയ പ്രത്യാക്രമണത്തിൽ 110 ഹൂതികൾ കൊല്ലപ്പെട്ടതായി സേന അറിയിച്ചിരുന്നു. യെമനിലെ മഗ്‌രിബ് നഗരത്തിന് സമീപം സിർവ അൽ ജൗഫിലാണ് വ്യോമക്രമണം നടത്തിയത്.