മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എക്യൂമെനിക്കൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ ക്രിസ്മസ്- പുതുവത്സര ആഘോഷം ജനുവരി ഒന്നിന് നടക്കും.

ഇന്ത്യൻ സ്‌കൂളിൽ വൈകുന്നേരം 4.30 രാത്രി വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ദേവാലയങ്ങൾ പങ്കെടുക്കുന്ന ക്രിസ്മസ്- പുതുവത്സര ഘോഷയാത്ര, ക്രിസ്മസ് ട്രീ, ഫ്‌ളോട്ട് എന്നിവയിൽ നടക്കുന്ന മത്സരങ്ങളായിരിക്കും ഏറെ ആകർഷകം. പൊതു സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥയായിരിക്കും. ചർച്ച് ഗായക സംഘങ്ങളുടെ ഗാനാലാപനം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ, ബഹ്‌റൈൻ മാർത്തോമ്മ പാരീഷ്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചർച്ച്, ബഹ്‌റൈൻ മലയാളി സി.എസ്.ഐ പാരീഷ്, സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ ചർച്ച്, സെന്റ് പോൾസ് മർത്തോമ്മ പാരീഷ് എന്നീ ദേവാലയങ്ങളും കെ.സി.എയും അടങ്ങുന്ന കൂട്ടായ്മയാണു കെ.സി.ഇ.സി. മുൻ വർഷങ്ങളിൽ 3000ഓളം പേരാണ് പരിപാടികളിൽ പങ്കെടുത്തിരുന്നത്. കൂടുതൽ സംഘടനകളെ കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഫാ. ടിനോ തോമസ്, കോ ഓർഡിനേറ്റർ റവ. റജി പി. എബ്രഹാം, മീഡിയ സെൽ കൺവീനർ ഡിജു ജോൺ മാവേലിക്കര, റവ. ഫാ. ജോഷ്വാ അബ്രഹാം (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ), റവ. ഫാ. എം ബി ജോർജ്(സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ), റവ. സാം മാത്യു (മാർത്തോമ പാരിഷ്), റവ. തോമസ് മാത്യു (ബഹ്‌റൈൻ സി.എസ്.ഐ മലയാളി പാരിഷ്), കെ.സി.ഇ.സി ട്രഷറർ ജോൺ ടി. തോമസ്, സെക്രട്ടറി മാത്യു ബേബി, പ്രോഗ്രാം കൺവീനർ ബിനു വർഗീസ്, ബോണി മുളപ്പാംപള്ളിൽ, മോനി ഓടിക്കണ്ടത്തിൽ, ഷിജു ജോൺ എന്നിവർ പങ്കെടുത്തു.