മനാമ: രാജ്യത്ത് അനധികൃതമായി തങ്ങുന്ന 61,000 വിദേശികളെ ലക്ഷ്യമിട്ട് ആരംഭിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ട് മാസം കൂടി. ജൂലൈ ഒന്നിന് ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ഏകദേശം ആറുമാസത്തിനുള്ളിൽ 16000 നിയമവിരുദ്ധ തൊഴിലാളികളെ ബഹ്‌റിനിൽ രേഖകൾ ശരിയാക്കാനെത്തിയതായി റിപ്പോർട്ട്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്. രേഖകൾ ശരിയാക്കായി പ്രവാസി തൊഴിലാളികളിൽ അധികവും ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഏകദേശം 15937 പേർ രേഖകൾ ശരിയാക്കിയത് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

ബഹ്‌റിനിൽ ജൂലൈ ഒന്നുമുതലാണ് പൊതുമാപ്പ് പ്രഖ്യാപനം നടത്തിയത്. വിവിധ എംബസികൾ തൊഴിലാളികളോട് ഈ അവസരം ഉപയോഗിച്ച് അവരുടെ രേഖകൾ ശരിപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന തൊഴിലാളികൾക്ക് യാതൊരു പിഴയും കൂടാതെ രേഖകൾ ശരിയാക്കാനുള്ള അവസരമാണ് ലഭിക്കുക. ഇതിന് പുറമെ സ്വദേശത്തേക്ക് മടങ്ങേണ്ടവർക്കും പിഴയടയ്ക്കാതെ തന്നെ ഇതിനുള്ള രേഖകളും ശരിയാക്കാനാകും എന്നതാണ് പൊതുമാപ്പിന്റെ ഏറ്റവും വലിയ ഗുണം.പൊതുമാപ്പിന്റെ കാലാവധി ഡിസംബർ 31 വരെയാണ്.