മനാമ: രാജ്യത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ഇന്നുമുതൽ ഉച്ച വിശ്രമം ഏർപ്പെടുത്തിതുടങ്ങണമെന്ന് തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി. ചൂട് കനക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ച 12 മുതൽ വൈകീട്ട് നാലുവരെയാണ് പുറംജോലികൾ നിരോധിച്ചത്. നിയമം കർശനമായി പാലിക്കാൻ എല്ലാ സ്ഥാപനങ്ങളോടും ബന്ധപ്പെട്ടവർ നിർദേശിച്ചു.

തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും ഉഷ്ണജന്യ രോഗം, സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ആവിഷ്‌കരിച്ചത്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ മുന്നൊരുക്കങ്ങൾ മന്ത്രാലയം നടത്തിയിട്ടുണ്ട്. പ്രധാന നിരത്തുകളിൽ ഇത് സംബന്ധിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കും. തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കാൻ ബോധവത്കരണ പരിപാടികൾ, ലഘുലേഖ വിതരണം എന്നിവ നടത്തും.

മാദ്ധ്യമങ്ങൾ വഴി പരസ്യവും നൽകും. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യാതപ മേറ്റുകഴിഞ്ഞാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവൽക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ജോലി നിയന്ത്രണം നിലവിലുള്ള രണ്ട് മാസങ്ങളിൽ തൊഴിലിടങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധന നടത്തുകയും നിയമ ലംഘനം നടക്കുന്നില്‌ളെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളിൽ ആദ്യം ഏർപ്പെടുത്തിയത് ബഹ്‌റൈനാണ്. പിന്നീടാണ് പല രാജ്യങ്ങളും ഇത് നടപ്പാക്കാൻ മുന്നോട്ട് വന്നത്. കഴിഞ്ഞ വർഷം ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് 500 ദിനാറിൽ കുറയാത്ത പിഴ ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.പല നിർമ്മാണ കമ്പനികളും ഈ കാലയളവിൽ രാവിലെ നാലു മുതൽ ഉച്ചക്ക് 12 മണി വരെയോ അല്‌ളെങ്കിൽ വൈകിട്ട് നാലുമുതൽ രാത്രി 12 വരെയോ തൊഴിൽസമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികൾ തൊഴിലാളികളെ ക്കൊണ്ട് നിരോധിത സമയത്ത് ജോലി ചെയ്യിക്കുന്നുണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കാവുന്നതാണ്.