മനാമ: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് തുടങ്ങിയവ സ്വയ്പ് ചെയ്യുന്നത് നിർത്തണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സിബിബി) എല്ലാ കച്ചവടസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. പോയിന്റ് ഓഫ് സെയിൽ (പി.ഓ.എസ്), ക്യാഷ് രജിസ്റ്റേഴ്‌സ് എന്നിങ്ങനെ രണ്ടു പ്രാവശ്യം കാർഡ് സ്വയ്‌പ്പ് ചെയ്യുന്നത് ജൂൺ 15 മുതൽ നിർത്തണമെന്നാണ് നിർദ്ദേശം.

കാർഡ് ഹോൾഡർ ഇടപാട് നടത്തിയ ശേഷവും ഒരു പ്രാവശ്യം കൂടി കച്ചവട സ്ഥാപനങ്ങൾ കാർഡ് സ്വയ്പ് ചെയ്യാറുണ്ട്. ഇത് സുരക്ഷിതമല്ലെന്ന് കണ്ട് പല രാജ്യങ്ങളിലും ഡബിൾ സ്വയ്‌പ്പിങ് നിരോധിച്ചിട്ടുണ്ടെന്ന് സിബിബി അറിയിച്ചു.ഒരു പ്രാവശ്യം സെയിൽ കൗണ്ടറിൽ കാർഡ്ഇൻസേർട്ട് ചെയ്ത ശേഷം ആവശ്യമായ അംഗീകാരം നൽകുന്നതോടെ ഇടപാട് പൂർത്തിയാകും. ഉടൻ തന്നെ ഉപഭോക്താവിന് എസ്.എം.എസ് വരികയും ചെയ്യും. പിന്നീട് വീണ്ടും കാർഡ് ഷോപ് കീപ്പറുടെ പി.ഓ.എസ് ടെർമിനലിലോ, ക്യാഷ് രജിസ്റ്ററിലേ സ്വയ്‌പ്പ് ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ഈ രീതി വര്ഷങ്ങളായി കച്ചവടക്കാർ തുടർന്ന് വരുന്നുണ്ട്. ക്യാഷ് അടച്ചതിന്റെ വിവരങ്ങളും, കാർഡ് ഹോൾഡറുടെ വ്യക്തിപരമായ വിവരങ്ങളും കരസ്ഥമാക്കുന്നതിനു വേണ്ടിയാണിത്. പ്രധാനമായും, ഇന്റെർണൽ അക്കൗണ്ടിങ്, അല്ലെങ്കിൽ മാർക്കറ്റിങ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനായാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ ഇത് വഴി കാർഡ് ഹോൾഡറുടെ സെക്യൂരിറ്റി കോഡ് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ കരസ്ഥമാക്കാനാകും.

ഈ പ്രക്രിയ വഴി കാർഡിലെ പല വിവരങ്ങളും ലഭിക്കും. രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഈ പ്രക്രിയ വഴി ലഭിക്കാനിടയാകും. അതുെകാണ്ട് ഈ നടപടി വിവിധ രാജ്യങ്ങളും 'വിസ' പോലുള്ള കമ്പനികളും നിരോധിച്ചിട്ടുണ്ട്.ഇത്തരം വിവരങ്ങൾ ഷോപ് കീപ്പറുടെ കമ്പ്യൂട്ടറിൽ ശേഖരിച്ചു വെക്കുന്നത് മറ്റാർക്കെങ്കിലും ലഭ്യമായാൽ ചിലപ്പോൾ തട്ടിപ്പിനായി ഉപയോഗിച്ചെന്ന് വരാം. അതിനാൽ തന്നെ ഈ ഡബിൾ സ്വയ്‌പ്പിങ് നിരോധിച്ച് കാർഡ് ഹോൾഡറുടെ വിവരങ്ങൾ സംരക്ഷിക്കുക വഴിതട്ടിപ്പിനും മോഷണത്തിനുമുള്ള സാധ്യത കുറയ്ക്കുവാനാണ് സിബിബി ലക്ഷ്യമിടുന്നത്.