മനാമ:ഒരു ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യമന്ത്രാലയം.ദിവസവും റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ ഇരുന്നൂറിൽ താഴെ എത്തിയപ്പോൾ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിരുന്നു.അത് കോവിഡ് കണക്കുകൾ ഉയരുവാൻ സഹായിച്ചു എന്നാണു വിലയിരുത്തൽ. എന്നാൽക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും കോവിഡ് വ്യാപനം കൂടുവാൻ കാരണമായെന്നും വിലയിരുത്തുന്നു. ഇതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം.

കഴിഞ്ഞ ഒരാഴ്ചയായി ഇരുന്നൂറ്റി അമ്പതിന് മുകളിലാണ് ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം.ചില ദിവസങ്ങളിൽ മുന്നൂറിന് മുകളിൽ ഉണ്ടാവുന്നു.തിങ്കളാഴ്‌ച്ച 321കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് ആരോഗ്യമന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുവാൻ നിർബന്ധിതരാകുന്നത്. അനാവശ്യ യാത്രകൾ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നു പൊതു ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലും,പൊതു വാഹങ്ങൾ,നിരത്തുകൾ ,വ്യാപാര സമുച്ഛയങ്ങൾ ,ഹോട്ടലുകൾ,കഫേ തുടങ്ങി ആളുകൾ കൂടുന്ന എല്ലായിടത്തും സാമൂഹിക അകലം,മാസ്‌ക് ,ശുചീകരണ സാമഗ്രികൾ നിർബന്ധമാക്കി. ഇതിൽ വീഴ്‌ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയും പിഴയും ചുമത്തുമെന്നും അധികൃതർ അറിയിച്ചു.കോവിഡ് നിയന്ത്രിക്കുന്നതും, പരിശോധനയിലും ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ച് പറ്റിയ രാജ്യമാണ് ബഹ്റൈൻ.ഇതിനിടെ രാജ്യത്ത് 92,598 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.