മനാമ: മലയാളികളടക്കമുള്ള ഗാർഹിക ജോലിക്കാർക്ക് ആശ്വാസം നല്കികൊണ്ട് രാജ്യത്തെ വീട്ടുജോലിക്കാർക്കുള്ള പുതിയ കരാർ ഒക്‌ടോബർ ഒന്നു മുതൽ നടപ്പാക്കി തുടങ്ങും. വീട്ടുജോലിക്കാരുടെ അവകാശം ഉറപ്പാക്കുന്ന നിർദേശങ്ങളാണ് കരാറിലുള്ളത്. ഇതുപ്രകാരം വീട്ടുജോലിക്കാരെ വെക്കുന്നവർ കരാറിൽ ജോലിയുടെ സ്വഭാവം, ജോലി സമയം, പ്രതിവാര അവധി തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി സൂചിപ്പിച്ചിരിക്കും.

എന്താണ് ജോലി, വീട്ടിലെ കുട്ടികളുടെ എണ്ണം, പ്രത്യേക പരിചരണം വേണ്ടവരുടെ വിവരങ്ങൾ, പരിഗണന വേണ്ട പ്രായമായവരുെട വിവരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. .കരാറിലെ വിവരങ്ങളും വ്യവസ്ഥകളും വിലയിരുത്തിയ ശേഷം ജോലി സ്വീകരിച്ചാൽ മതിയാകും. ആദ്യ ഘട്ടത്തിൽ ഔദ്യോഗിക റിക്രൂട്ടിങ് ഏജൻസികൾ വഴിയുള്ള നിയമനത്തിലാണ്? ഈ കരാർ ബാധകമാക്കുക.രണ്ടാം ഘട്ടത്തിൽ തൊഴിലുടമ നേരിട്ട് നടത്തുന്ന നിയമനത്തിലും നിർബന്ധമാക്കും.

പുതിയ കരാറിൽ ശുചീകരണം, അലക്കൽ, പരിചരണം, ഡ്രൈവിങ്, വളർത്തുമൃഗ പരിപാലനം തുടങ്ങി എന്തൊക്കെ ജോലികളാണ് ഒരാൾ ചെയ്യേണ്ടി വരിക എന്ന കാര്യം വിശദീകരിക്കേണ്ടി വരും. രണ്ടുവർഷ കരാറിൽ 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയും നിർബന്ധമാണ്. ശമ്പളത്തിെന്റ രേഖ തൊഴിലാളിക്ക് തൊഴിലുടമ നൽകണം.