മനാമ: ബഹ്‌റൈനിൽ സംശയകരമായ പണമിടപാടുകളിൽ വൻ വർധന. പോയ വർഷം ഇത്തരം ഇടപാടുകളിൽ 20ശതമാനം വർധനവാണ് ഉണ്ടായത്. രാജ്യത്ത് അനധികൃത പണമിടപാട് വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. കള്ളപ്പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി പണമിടപാടുകൾ നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് ഡയറക്ടറേറ്റിനെ (എഫ്.ഐ.ഡി) ചുമതലപ്പെടുത്തിയിരുന്നു.

സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് ധരിപ്പിക്കാൻ വിവിധ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തിൽ ഇക്കഴിഞ്ഞ വർഷം 1,044 അത്തരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014ൽ അത് 872 ആയിരുന്നു. വിവിധ ബാങ്കുകൾ, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ, ക്രെഡിറ്റ് കാർഡ് കന്പനികൾ, ഇൻഡസ്റ്റ്രി, കൊമേഴ്‌സ്, ടൂറിസം മന്ത്രാലയം തുടങ്ങിയവയാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. ഇവരുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് എഫ്.ഐ.ഡി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ബാങ്കുകൾ, ധനവിനിമയ സ്ഥാപനങ്ങൾ, ഇൻഷൂറൻസ് കമ്പനികൾ, ക്രെഡിറ്റ് കാർഡ് കമ്പനികൾ, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം എന്നിവയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്. ഏറ്റവുമധികം ഇത്തരം ഇടപാടുകൾ നടന്നത് ഡിസംബറിലാണ്. 160 എണ്ണം. 2014 ആഗസ്റ്റിലും സെപ്റ്റംബറിലും 108 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2011ലാണ് എഫ്.ഐ.ഡിക്ക് രൂപം നൽകുന്നത്. രാജ്യത്തെ സംശയകരമായ പണമിടപാടുകൾ വിലയിരുത്താനായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനും മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്നാണ് ഇവർ പ്രവർത്തിക്കുന്നത്. 2003മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സംശയകരമായ ഇടപാട് നടന്ന വർഷമാണ് കടന്നുപോയത്.