മനാമ: രാജ്യത്ത് താമസിക്കുന്ന ഒട്ടേറെ വിദേശികൾ വേശ്യാവൃത്തി യിലേർപ്പെട്ടിരിക്കുന്നു വെന്ന ബഹ്‌റിനിലെ എംപി വ്യക്തമാക്കിയതിന് പിന്നാലെ ഇത്തരത്തിൽ പിടിയിലാകുന്നവരെ നാടുകടത്താനും അധികൃതർ തീരുമാനിച്ചു. വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകുന്ന വിദേശികളെ കോടതി നടപടികൾക്കുശേഷം ജയിലിലേക്ക് മാറ്റാതെ നാടുകടത്തുന്ന നിർദേശത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്.

തടവുകാർക്കുവേണ്ടി വൻ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പാർലമെന്റ് നടപടി. രാജ്യത്ത് വ്യഭിചാരക്കുറ്റത്തിലേർപ്പെട്ടവരുടെ എണ്ണം ആയിരക്കണക്കിന് വരും. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ സംരക്ഷിക്കാൻ 500 ദിനാറാണ് രാജ്യത്തിന് ബാധ്യത. കഴിഞ്ഞ വർഷം പകുതിയാകുമ്പോഴേക്ക് വേശ്യാവൃത്തി കേസിൽ 700ഓളം വിദേശികൾ പിടിയിലായതായി കണക്കുകൾ പറയുന്നു.

തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറിൽ ഒപ്പുവെക്കാനുള്ള തീരുമാനത്തിനും എംപിമാർ അംഗീകാരം നൽകി. ഭിന്നലിംഗ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പ്രവാസികളെ ഉടൻ തിരിച്ചയക്കുന്ന നിർദേശവും പാർലമെന്റ് അംഗീകരിച്ചു. ഇവർക്ക് ഭാവിയിലും രാജ്യത്തേക്ക് പ്രവേശം അനുവദിക്കില്ല.