മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലെ പ്രധാന ഗ്രൂപ്പുകളിലൊന്നായ 'ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് പാനൽ' (ഐ.എസ്‌പി.പി) ഔദ്യോഗികമായി പിളർന്നു. ഐ.എസ്‌പി.പിയുടെ കൺവീനർ സ്ഥാനത്തുനിന്ന് ശ്രീധർ തേറമ്പിലിനെ നീക്കിയതായി ഒരു വിഭാഗം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തുടർന്നുവന്ന സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും കൂടിയാലോചന ഇല്ലായ്മയും സ്വേഛാധിപത്യ പ്രവണതയും കണക്കിലെടുത്താണ് നടപടിയെന്ന് അവർ അറിയിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ പത്തുദിവസത്തിനകം ഐ.എസ്‌പി.പി കോർ കമ്മിറ്റി ചേരും.

17 അംഗ എക്‌സിക്യൂട്ടീവിൽ പത്തു പേരും ഈ തീരുമാനത്തെ പിൻതുണച്ചതായും സ്‌കൂൾ ഭരണ സമിതി സെക്രട്ടറി ഷെമിലി പി. ജോൺ, അംഗം ജെയ്ഫർ മെയ്ദാനി എന്നിവർ യോഗത്തിൽ പങ്കെടുത്തതായും അവർ പറഞ്ഞു.

ഈയിടെ സ്‌കൂൾ ഭരണസമിതിക്കെതിരെ കൺവീനർ പരസ്യമായി രംഗത്തുവന്നിരുന്നു. കൂടാതെ കമ്മിറ്റിക്കെതിരെ നിരവധി ആരോപണങ്ങളും ഉയർത്തി. സംഘടനയുടെ വേദികളിൽ ചർച്ചചെയ്യാതെയും പ്രവർത്തകരോട് ആലോചിക്കാതെയുമാണ് നിരുത്തരവാദപരമായ ഈ പ്രസ്താവന നടത്തിയത്. ഐ.എസ്‌പി.പിയുടെ യോഗം വിളിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല. ഭരണസമിതിയെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം നിരന്തരം ഏർപ്പെടുകയും ചെയ്തു.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അഴിമതി രഹിതമായ ഭരണമാണ് ഐ.എസ്‌പി.പി പങ്കാളിയായ ഇപ്പോഴത്തെ ഭരണ സമിതി നടത്തുന്നത്. സമസ്ത മേഖലയിലും ചെലവ് കുറക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നതിനും ഭണണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാദമിക നിലവാരവും മെച്ചപ്പെട്ടു. തകർന്ന സാമ്പത്തികനില ഭദ്രമാക്കാൻ നടത്തിയ സ്‌കൂൾ ഫെയർ സർവകാല റെക്കോർഡ് നേടി. സുതാര്യമായ ടെൻഡറിങ്, എൻട്രൻസ് കോച്ചിങ്, അക്കാദമിക് ഓഡിറ്റ്, അദ്ധ്യാപകർക്ക് പരിശീലനം, മികച്ച അദ്ധ്യാപക നിയമനം, നോൺ അക്കാദമിക് മേഖലയിലെ പ്രവർത്തനങ്ങൾ, ട്രാൻസ്‌പോർട് സംവിധാനം കുറ്റമറ്റതാക്കാനുള്ള നിരന്തര ശ്രമങ്ങൾ എന്നിവയുമുണ്ടായി.സ്‌കൂൾ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പിന്താങ്ങുവാൻ ധാർമികമായി ബാധ്യതയുള്ള കൺവീനർ പ്രത്യക്ഷമായും പരോക്ഷമായും കമ്മിറ്റിയെ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി അപകീർത്തിപ്പെടുത്തുന്നത് തുടർന്നതിനാലാണ് സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്നതെന്ന് അവർ പറഞ്ഞു.

ഐ.എസ്‌പി.പി കൺവീനർ ആയിരിക്കെതന്നെ ശ്രീധർ സ്‌കൂൾ പർച്ചേസിങ് സബ്കമ്മറ്റി കൺവീനർ, പി.പി.എ. ലൈസൺ കമ്മറ്റി കൺവീനർ എന്നിങ്ങനെ ഒട്ടനവധി സ്ഥാനങ്ങളും വച്ചിരുന്നു. എന്നിട്ടും അദ്ദേഹം സ്വന്തം ഉത്തരവാദിത്തങ്ങൾ അവഗണിച്ചത് നിർഭാഗ്യകരമാണ്. ഏതു നിർണായ കമ്മിറ്റി സംഘടിപ്പിച്ചാലും കൺവീനർ സ്ഥാനത്തിനു വേണ്ടി ചരടുവലികൾ നടത്തുന്നത് ആശാസ്യമല്ല. മെഗാ ഫെയർ മുതലായ കാര്യങ്ങളിൽ എന്ത് സഹകരണമാണ് മുൻ കൺവീനർ നടത്തിയത് എന്ന് അദ്ദേഹം സ്വയം വിലയിരുത്തണമെന്നും ഐ.എസ്‌പി.പി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭരണ സമിതിയുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്നതായും അവർ പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ പങ്കജ്‌നാഭൻ,ജെയ്ഫർ മെയ്ദാനി, കെ.സുജിത്, ബി.ഐ.രാജീവ്, ടി.കെ.സുധീഷ്, സി.വി.ഹരിദാസ്, ഇ.അബ്ദുൽ സമദ്, സോണി തിയോഡർ, അനിൽകുമാർ ഗ്രീൻ കേബിൾ, സി.പി.മുനീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.