മനാമ: കഴിഞ്ഞ ജനുവരിയിൽ ചിക്കൻ പോക്‌സ് പിടിപ്പെട്ട മരണമടഞ്ഞ കുട്ടിയുടെ ഫീസ് അടക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്‌കൂളിൽ നിന്ന് രക്ഷിതാക്കൾക്ക് വന്ന ഫോൺ പ്രതിഷേധം ഉയർത്തി. ചിക്കൻപോക്‌സ് പിടിപെട്ട് മരിച്ച മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനിയായിരുന്ന അഭി ശ്രേയ ജോഫി എന്ന കുട്ടിയുടെ ഫീസ് കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ അധികൃതകർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടത്.

ഈ വർഷത്തെ ഫീസ് ഇതുവരെ അടച്ചില്ലെന്നും എത്രയും പെട്ടെന്ന് കുടിശിക അടയ്ക്കണമെന്നു മായിരുന്നും ആവശ്യം. മകളുടെ മരണമുണ്ടാക്കിയ വേദനയുമായി കഴിയുന്ന അമ്മ ഷൈനി ഫിലിപ്പ് ആണ് ആദ്യം ഫോൺ എടുത്തത്. ആദ്യം അമ്പരന്നെങ്കിലും പിന്നീട് സമനില വീണ്ടെടുത്ത് അവർ മകൾ മരിച്ചുപോയ കാര്യം അറിയിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇതേ കാര്യം പറഞ്ഞ് സ്‌കൂളിൽ നിന്ന് പിതാവിന്റെ ഫോണിലേക്ക് വിളിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

ഒരിക്കൽ തെറ്റ് സംഭവിച്ചപ്പോഴെങ്കിലും അത് രേഖപ്പെടുത്താൻ സ്‌കൂൾ അധികൃതർ ശ്രമിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. രക്ഷിതാക്കൾ പ്രതിഷേധം ഉയർത്തിയതോടെ സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി സ്‌കൂൾ അധികൃതർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന സ്‌കൂളിന് രണ്ടുലക്ഷം ദിനാറോളം ഫീസിനത്തിൽ പിരിഞ്ഞു കിട്ടാനുണ്ട്.ഇക്കാര്യം രക്ഷിതാക്കളെ വിളിച്ച് ഓർമ്മപ്പെടുത്തിനതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർക്ക് സംഭവിച്ച പിഴവാണിത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അലംഭാവം കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.