മനാമ: അന്യാവശ്യമായ ഫീസ് വർധന നടപ്പാക്കാനുള്ള ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കുവാനുള്ള ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പേൾസ് ഓഫ് ബഹ്‌റിൻ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

വളരെ പ്രതീക്ഷയോടെ വൻഭൂരിപക്ഷത്തിൽ വിജയിച്ച ഒരു ഭരണ സമിതിയിൽ നിന്നും തികച്ചും അപ്രതീക്ഷിതമായുണ്ടായ തീരുമാനം ദൗർഭാഗ്യകരമായെന്നും ഒരു സാധാരണ രക്ഷിതാവിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും പേൾസ് ഓഫ് ബഹ്‌റിൻ പ്രതികരിച്ചു.

ബാങ്ക് കടത്തിന്റെ ബാധ്യതയുടെ പേരിൽ എളുപ്പവഴി എന്ന നിലയിൽ ട്യൂഷൻ ഫീസ് വർദ്ധന എന്ന ഒറ്റമൂലി കണ്ടെത്താതെ മറ്റ് പോംവഴികൾ ആരായാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. ഏകദേശം പന്ത്രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ രണ്ട് ദിനാർ വർദ്ധിപ്പിച്ചാൽ തന്നെ ബാങ്ക് തവണകൾ അടയക്കാനുള്ള വരുമാനം കിട്ടുമെന്നിരിക്കെ ഒറ്റയടിക്ക് 5 ദിനാർ വർദ്ധിപ്പിച്ച് കൊണ്ട് എടുത്ത തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും യോഗം ആരോപിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജനെ നേരിൽ കണ്ട് തങ്ങളുടെ ഉത്കണ്ഠ അറിയിക്കുന്നതിനും പ്രസിഡണ്ട് പ്രമോദ് ദാസിനെയും, ജനറൽ സെക്രട്ടറി സനോജ് ഭാസ്‌കരനെയും യോഗം ചുമതലപ്പെടുത്തി.