മനാമ : ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശനപ്രശ്‌നം കീറാമുട്ടിയാകുന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. ഇന്ത്യയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ബഹ്‌റിനിലെ സ്‌കൂളുകളിലേയ്ക്ക് മാറുമ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിയമങ്ങളാണ് രക്ഷിതാക്കൾക്ക് ദുരിതമാകുന്നത്. മന്ത്രാലയം നിഷ്‌കർഷിച്ച പുതിയ നിയമ നടപടികളിൽ ഇളവ് നൽകുന്നതിനായി ഇന്ത്യൻ എംബസി ബഹ്‌റിൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായാണ് രക്ഷിതാക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പുതിയ നിയമമനുസരിച്ച് ഇന്ത്യയിലെ സ്‌കൂളുകളിൽ നിന്ന് ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സ്റ്റാമ്പിങ് മാർക്ക് ലിസ്റ്റിൽ പതിപ്പിക്കണമെന്നാണ് നിയമം. ഇന്ത്യയിലെ സ്‌കൂളുകളിൽ ഒന്നും ഇത്തരം ഒരു നിയമത്തെപ്പറ്റി യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലാത്തതിനാൽ സ്‌കൂൾ അധികൃതർക്ക് ഈ കാര്യത്തിനായി യാതൊരു വിധ ഗൈഡ് ലൈനും കൊടുക്കാനും സാധിക്കുന്നില്ല.

ബഹ്‌റിനിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ സ്‌കൂൾ അധികൃതർക്കും പുതിയ നിയമം വല്ലാത്ത പൊല്ലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കണമെന്നതൊഴിച്ചാൽ മന്ത്രാലയം നിഷ്‌കർഷിക്കുന്ന നിയമം തങ്ങൾക്കു അനുസരിക്കാതിരിക്കാൻ കഴിയില്ലെന്നും എന്നാൽ മന്ത്രാലയം ആവശ്യപ്പെടുന്ന തരത്തിലുള്ള രേഖകൾ സമർപ്പിക്കാൻ രക്ഷിതാക്കൾക്ക് അൽപ്പം സാവകാശം നൽകാം എന്നുമാണ് വിദ്യാലയാധികൃതർ പറയുന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ളവർക്ക് ഡൽഹിയിൽ വരെ പോയി വിദേശകാര്യ മന്ത്രാലയത്തിൽ ചെന്ന് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്താനുള്ള പ്രയാസം ബഹ്‌റിൻ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ഈ നിയമത്തിന് ഇളവു ലഭിക്കുമെന്നാണ് സ്‌കൂൾ അധികൃതരുടെ അഭിപ്രായം. പല രക്ഷിതാക്കളും ഇന്ത്യൻ എംബസി അധികൃതരെ കണ്ട് ഇക്കാര്യത്തിൽ എംബസി ഇടപെടണമെന്ന് അപേക്ഷയും നൽകിയിട്ടുണ്ട്.