മനാമ: ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടിയിരുന്നവർക്ക് ഇന്ന് നിർണായക ദിനം. ഇന്ത്യൻ സ്‌കൂളിന്റെ 2014-17 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് രാവിലെ മുതൽ ആരംഭിച്ചിരിക്കുകയാണ്. 12,000 കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിലെ പ്രവാസികളുടെ ഏറ്റവും വലിയ സ്‌കൂളുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുനൈറ്റഡ് പാരന്റ്‌സ് പാനലും (യു.പി.പി), പ്രോഗ്രസീവ് പാരന്റ്‌സ് അലയൻസുമാണ് (പി.പി.എ) മത്സര രംഗത്തുള്ളത്. നിലവിലെ
ഭരണസമിതിയെ പിന്തുണക്കുന്ന യുനൈറ്റഡ് പാരന്റ്‌സ് പാനലിനെ നയിക്കുന്നത് തോമസ് അബ്രഹാമാണ്. ഡോ. അബ്ദുൽ ജലീൽ, ഹരീഷ് അപ്പയ്യ, ടി.എസ്. അശോക് കുമാർ, റഫീഖ് അബ്ദുല്ല, ദേശികൻ സുരേഷ്, റെഞ്ചി മാത്യു എന്നിവരാണ് ഈ പാനലിൽ മത്സരിക്കുന്നത്.

പ്രോഗ്രസീവ് പാരന്റ്‌സ് അലയൻസിനെ നയിക്കുന്നത് പ്രിൻസ് നടരാജനാണ്. ഡോ. ഷെമിലി പി. ജോൺ, ഡോ. സി.ജി. മനോജ് കുമാർ, ബൂപീന്ദർ സിങ്, എസ്.കെ. രാമചന്ദ്രൻ, മുഹമ്മദ് ഇഖ്ബാൽ, സജി ആന്റണി എന്നിവരാണ് പാനലിലുള്ളത്.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴുവരെയാണ് വോട്ടിങ്. വോട്ടുചെയ്യാൻ വരുന്നവർ സി.പി.ആർ കാർഡും മെമ്പർഷിപ്പ് നമ്പറും ഗേറ്റിൽ
ഹാജരാക്കണം. രക്ഷകർത്താവ് സ്ഥലത്തില്‌ളെങ്കിലോ വോട്ടുചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ പകരം ചുമതലപ്പെടുത്തിയ വ്യക്തിഅനുമതി പത്രം ഹാജരാക്കണം. വോട്ടെണ്ണൽ രാത്രി എട്ടിന് തുടങ്ങും. ഇതിന് ശേഷം ഫലപ്രഖ്യാപനമുണ്ടാകും.