മനാമ: രാജ്യത്തെ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ബഹറിനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചു. ഡിസംബർ നാലിനു ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഒരു വിദ്യാർത്ഥിക്ക് അഞ്ചു ദിനാർ എന്ന തോതിൽ ഫീസ് വർധിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു.

അനുമതി ലഭിച്ചു കഴിഞ്ഞാൽ ഫീസ് വർധനവ് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാനാണ് തീരുമാനം. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്‌കൂളിൽ ഏപ്രിലിലാണ് പുതിയ അധ്യയന വർഷം തുടങ്ങുക. ഫീസ് വർദ്ദനവ് സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാകുമെന്ന് ഉറപ്പാണ്.

അർഹരായ രക്ഷിതാക്കൾക്ക് ഫീസ് ഇളവിൽ എന്തൊക്കെ മാനദന്ധങ്ങൾ പരിഷ്‌കരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അറിയിച്ചിട്ടുണ്ട്.