മനാമ: ബഹ്‌റൈൻ 43 ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ എം സി സി നടത്തിവരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന  ദശീയദിന സംഗമം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറഞ്ഞ സദസ്സിന്റെ പങ്കാളിത്തത്താൽ പ്രൗഢ ഗംഭീരമായി. തുടർന്നു നടന്ന ഇശൽ നിലാവ് ആസ്വാദകരെ ആഹ്ലാദത്തിൽ ആറാടിച്ചു.

മനാമ അൽരാജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയദിന സംഗമത്തിൽ മൂന്നു ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളാണു സംബന്ധിച്ചത്. മനാമ എം പി അഹ്്മദ് അബ്ദുൽ വാഹിദ്  അൽ ഖറാത്തെ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ രാഷ്ട്രത്തിനായി കുറേ വർഷങ്ങളായി നിങ്ങൾ ചെയ്യുന്ന സംഭാവനകൾ പ്രത്യേകം പ്രശംസ അർഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.  നിങ്ങളുടെ കഴിവുകൾ ഞങ്ങൾ അംഗീകരിക്കുന്നു.

കെ എം സി സി നടത്തിയ ദേശീയ ദിനാഘോഷ പരിപാടികൾ പ്രശംസാർഹമാണ്.  ബഹ്‌റൈനും ഇന്ത്യയും തമ്മിൽ നീണ്ട വർഷങ്ങളായി നിലനിൽക്കുന്ന ബന്ധത്തിന്റെ പ്രതിഫലനമായിരുന്നു ഈ ആഘോഷങ്ങൾ. ഈ ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഉമ്മുൽ ഹസം എം പി അബ്ദുൽ റഹ്മാൻ  ബു മാജിദ് സംസാരിച്ചു.  ഇന്ത്യൻ പ്രവാസി സമൂഹം ബഹ്‌റൈനു നൽകുന്ന സേവനം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.  കെ എം സി സി യുടെ  പ്രവർത്തനങ്ങൾ മഹത്തരമാണ്. നി്ങ്ങൾക്കു മുമ്പിൽ ഈ രാഷ്ട്രത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് ഗലാലി എം പി മുഹമ്മദ് അൽ  ജോവ്ദർ സംസാരിച്ചു.  നിരവധി വർഷങ്ങളായി കഠിനാധ്വാനം ചെയ്തു ബഹ്‌റൈനെ സേവിക്കുന്നവരാണു നിങ്ങൾ. ഈ സേവനത്തിനു ബഹ്‌റൈൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുൻ എം പി ഷെയ്ഖ് മുഹമ്മദ് ഖാലിദ് തന്റെ പ്രസംഗത്തിൽ പ്രവാസി സമൂഹത്തോടുള്ള സ്‌നേഹത്തിനു മുമ്പിൽ വികാരാധീനനായി. ഈ രാഷ്ട്രത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന നിങ്ങൾക്കു സ്‌നേഹ സമ്മാനമായി ഈ വെളുത്ത പുഷ്പം സമർപ്പിക്കുന്നതായി പൂവ് ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. സയ്യിദ് ഫഖ്രുദ്ദീൻ കോയതങ്ങൾ അറബ് നേതാക്കളുടെ പ്രസംഗം മൊഴിമാറ്റി.

കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ അധ്യക്ഷത വഹിച്ചു.  റസാഖ് മൂഴിക്കൽ, ഹബീബ് റഹ്്മാൻ,  ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ അബ്ദുൽ ഷുക്കൂർ,  യു എ ഇ എക്‌സചേഞ്ച് കൺട്രി മാനേജർ വിനീഷ് കുമാർ, ദുബൈ ഗോൾഡ് മാനേജിങ്ങ് ഡയറക്ടർ  അഷ്‌റഫ് മായഞ്ചേരി,  അൽമനാ ഫുഡ് കമ്പനി മാനേജർ മുസ്തഫ, മലബാർ ഗോൾഡ് എം ഡി റഫീഖ് എന്നിവർ സംബന്ധിച്ചു. കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും പി വി സിദ്ധിഖ് നന്ദിയും പറഞ്ഞു.

ബഹ്‌റൈനിലെ വിവിധ മത-സാമൂഹിക-സാംസ്‌കാരിക നേതാക്കൾ, കെ എം സി സി സംസ്ഥാന-ജില്ലാ-ഏരിയ നേതാക്കൾ എന്നിവർ സംബന്ധിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന 'ഹായ് ബഹ്‌റൈൻ' എന്ന സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്നു പ്രമുഖ മാപ്പിള പാട്ട് റിയാലിറ്റി ഷോ താരങ്ങളായ ബാദുഷ, ഷഖീബ് ,അസ്ഹദ്  തുടങ്ങിയവർ അവതരിപ്പിക്കുന്ന ഇശൽ നിലാവ് ആസ്വാദക ഹൃദയം കവർന്നു.