മനാമ: മകളുടെ വിവാഹം പ്രമാണിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടിലക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു. 35 വർഷത്തോളം ബഹ്റൈനിലുണ്ടായിരുന്ന കണ്ണൂർ ധർമടം ചൂരയിൽ ശശി (58) ആണ് കഴിഞ്ഞ ദിവസം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്.

ബഹ്‌റൈനിൽ മൂന്നര പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന ശശി ഒരാഴ്ചയോളം മുമ്പാണ് മരണപ്പെട്ടത്. ഇന്നലെ ശശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അൽനോ സൈഫ് കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന
ശശി പ്രവാസം അവസാനിപ്പിച്ച് മടങ്ങാൻ തയാറാകുന്നതിനിടെയാണ് രോഗബാധിതനാകുന്നതും ചികിത്സയിലിരിക്കെ മരണപ്പെടുന്നതും.

ഡിസംബർ 19നായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബർ മൂന്നിന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നതിന് ഒരുങ്ങിയിരുന്നു. കമ്പനിയിൽ നിന്ന് ആനുകൂല്യങ്ങളെല്ലാം വാങ്ങി ടിക്കറ്റും ബുക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ശരീരത്തിന് തളർച്ച അനുഭവപ്പെട്ടു. സൽമാബാദിലെ ക്‌ളിനിക്കിൽ പരിശോധന നടത്തി മടങ്ങി. വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിൽ കരൾ രോഗം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ ഏഴിന് മരണപ്പെടുകയായിരുന്നു.