മനാമ : ഹൃദയാഘാതം മൂലം മരിച്ചന്നെ് റിപ്പോർട്ട് പുറത്ത് വന്ന കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കാരണം ബഹ്‌റിനിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ത്യയിലേയ്ക്ക് അയച്ച മൃതദേഹത്തെ വീണ്ടും പോസ്റ്റ്‌മോർട്ടത്തിനു വിധേയമാക്കിയതായും റിപ്പോർട്ട്ുണ്ട്

കുറച്ച് ദിവസം മുൻപ് മനാമയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് തിക്കോടി സ്വദേശി മണേൽ വയൽ കുനി ദിനേശന്റെ (46) മൃതദേഹമാണ് കേരളത്തിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്.

ഖത്തർ എയർവേയ്‌സിൽ ഇന്നലെ രാവിലെ കോഴിക്കോട്ട് എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് ജന്മനാട്ടിലേയ്ക്ക് കൊണ്ട് പോയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് എംപി. എം.കെ.രാഘവന്റെ സഹായത്തോടെ നോൺ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ് (NORKA)ന് പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ബഹ്‌റിനിൽ ഒരു സ്വകാര്യ നിയമ സ്ഥാപനത്തിലെ ഓഫീസ് ബോയ് ആയി ജോലി നോക്കുകയായിരുന്നു ദിനേശൻ. എന്നാൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (LMRA)യുടെ വെബ് സൈറ്റിൽ ഇയാളുടെ ജോലി 'ക്ലീനർ' എന്നാണ് കാണിച്ചിരിക്കുന്നത്.

ബഹ്‌റിൻ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ മൃതദേഹം വൃത്തിയാക്കിയവരുടെ മൊഴിയനുസരിച്ച് ഇയാളുടെ ദേഹത്ത് മുറിവുകളും തലയിൽ പൊട്ടലുകളും ഉണ്ടായിരുന്നു. അടിപിടിയിലാണ് പരിക്കുകളുണ്ടായതെന്നാണ് കരുതുന്നത്.

മാതാപിതാക്കളും, ഭാര്യ ഷൈനിയും, കുട്ടികളായ മിത്ര, നക്ഷത്ര എന്നിവരുമടങ്ങിയതാണ് ദിനേശന്റെ കുടുംബം. 14 വർഷമായി ബഹ്‌റിനിൽ ജോലി ചെയ്യുന്ന ദിനേശന്റെ സഹോദരൻ സതീശൻ ഒരു മുൻ പ്രവാസിയായിരുന്നു. സലാമാബാദിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.