മനാമ: റിഫയിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി പരമേശ്വരൻ ഹരി എന്ന 36 കാരനാണ് ആത്മഹത്യ ചെയ്ത നിലയിൽ വിഷു തലേന്ന് കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ ആണ് യുവാവിനെ കണ്ടത്.

ബാർബർ തൊഴിലാളിയായിരുന്നു യുവാവിന് ഉണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. റിഫയിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ 11 വർഷമായി ബഹ്‌റിനിൽ കഴിയുന്ന ഹരിയുടെ രണ്ട് മക്കളും ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. മക്കൾ മൂന്നാം ക്ലാസിലും മകൻ യുകെജിയിലുമാണ് പഠിക്കുന്നത്.

സനദിൽ സലൂൺ നടത്തിയിരുന്നുവെങ്കിലും നഷ്ടത്തിലായതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് അത് അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ സാൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുകയാണ്.