മനാമ: ഫ്രീ വിസയിൽ ജോലി ചെയ്തതിന് എൽ എം ആർ എ പിടികൂടിയ മലയാളി യുവാവ് ബഹ്‌റിനിൽ മോചനം കാത്ത് തടവിൽ കഴിയുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വിനുവാണ് എംഎൽആർഎ കാലാവധി കഴിഞ്ഞിട്ടും വീണ്ടും മോചനം കാത്ത് കഴിയേണ്ടി വന്നിരിക്കുന്നത്.

വിനുവിന്റെ പാസ്‌പോർട്ട് മുൻപ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ഹാജരാക്കാത്തതാണ് വിനുവിന്റെ മോചനം വൈകുന്നതിന് കാരണം. തൊഴിലുടമയ്ക്ക് വിനു പണം നൽകാൻ ഉള്ളതുകൊണ്ട് അദ്ദേഹം പാസ്‌പോർട്ട് ഹാജരാക്കാനും തയ്യാറാകാത്തും വിനുവിന് വിലങ്ങ് തടിയാവുകയാണ്.

മൂന്ന് വർഷം മുമ്പാണ് വിനു ഒരു പ്രോപ്പർട്ടി ബിസിനസ് സ്ഥാപനത്തിൽ മാനേജരാജി ബഹ്‌റിനിൽ എത്തിയത്. ഹോടട്ടൽ മാനേജ്‌മോന്റ് ബിരുദധാരിയായ വിനു പിന്നീട് ഇതേ സ്ഥാപനത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഒരു റസ്റ്റോറന്റിൽ മാനേജരായി ജോലി ചെയ്തു. ഇതിനിടയിൽ 2014ൽ മറ്റൊരു മലയാളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാല നടത്തിപ്പിനായി വിനു ഏറ്റെടുത്തു. രണ്ട് പാർട്ടണർമാർ കൂടി പ്രതിമാസം 3500 ദിനാർ ഉടമയ്ക്ക് നൽകാം എന്നകരാറിലായിരുന്നു നടത്തിപ്പ് ഏറ്റെടുത്തത്. അതിന് വേണ്ടി മറ്റൊരു തൊഴിലുടമയുടെ വിസയിലേക്ക് വിനു മാറുകയും ചെയ്തു.

എന്നാൽ ഹോട്ടൽ ബിസിനസ് വേണ്ടത്ര വിജയം കണ്ടില്ല. അതുകൊണ്ട് തന്നെ തുടർന്ന് വന്ന മാസങ്ങളിൽ പറഞ്ഞുറപ്പിച്ച തുക ഹോട്ടലുടമയ്ക്ക് നൽകാൻ വിനുവിന് സാധിച്ചില്ല. സഹായിക്കാം എന്ന് ഏറ്റിരുന്ന പാർട്ടണർമാർ പിൻവാങ്ങുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ നടത്തിപ്പിനോടൊപ്പം വിനു മറ്റൊരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. പണം ലഭിക്കാത്തത് കാരണം പിന്നീട് റസ്റ്റോറന്റ് ഉടമ വിനുവിന്റെ പാസ്‌പോർട്ട്, ലാപ്‌ടോപ്പ് എന്നിവ എടുത്തുകൊണ്ടുപോവുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. ഇതോടൊപ്പം വിനു ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ എൽ എം ആർ എ റയ്ഡ് ഉണ്ടായതിനെ തുടർന്ന് ജയിലിലാവുകയും ചെയ്തതോടെ വിനുവിന് ജിവിതം ഇരുട്ടിലാവുകയായിരുന്നു.അതിനിടെ വിനു പണം നൽകാനുണ്ടെന്ന് കാണിച്ച് റസ്റ്റോറന്റ് ഉടമ കേസ് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.