ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിച്ച മലയാളി ബഹ്റിൻ വിട്ടുപോകാതിരിക്കാൻ യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് തട്ടിപ്പിനിരയായവർ ബെഹ്റിൻ അധികൃതരോട് ആവശ്യപ്പെട്ടു. കുറ്റാരോപിതന്റെ ഭാര്യ അയർലൻഡിലാണെന്നും, തട്ടിച്ച പണവുമായി അയാൾ അയർലൻഡിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞതായി ന്യുസ് ഓഫ് ബഹ്റിന്റെ ഡെയ്ലി ട്രിബ്യുൺ റിപ്പോർട്ട് ചെയ്യുന്നു.

ബഹ്റിനിൽ ഒരു ട്രെയിനിങ് ഇൻസ്റ്റിറ്റിയുട്ട് നടത്തുന്ന ഇയാൾ നിരവധി നഴ്സുമാരിൽ നിന്നും ജർമ്മനിയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണത്രെ പണം തട്ടിയത്. ബഹ്റിനിൽ താമസിക്കുന്ന ഇരകൾ പറയുന്നത് ആയിരക്കണക്കിന് ബഹ്റൈനി ദിനാറാണത്രെ അയാൾ ഇവരിൽ നിന്നും കൈക്കലാക്കിയത്. എക്സിബിഷൻ റോഡ് പൊലീസ് സ്റ്റേഷനിൽ ഇവർ ഇതുസംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്.

ബഹ്റിനിൽ നടത്തുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റിയുട്ട് റെജിസ്റ്റർ ചെയ്തിരിക്കുന്നത് അയർലൻഡിലുള്ള ഭാര്യയുടെ പേരിലാണ്. ഇതു സംബന്ധിച്ച് ഒരു അന്വേഷണം നടത്തണമെന്ന് ഇരകൾ ജർമ്മൻ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജർമ്മനി നിരവധി പ്രവിശ്യകളുടെ ഒരു ഫെഡറേഷനാണ്. നഴ്സുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ പ്രവിശ്യയിലും തീർത്തും വ്യത്യസ്തമായ നിയമങ്ങളും നിബന്ധനകളുമാണ്. അങ്ങനെയിരിക്കെയാണ് അതെല്ലാം മറച്ചുവെച്ച്, തെറ്റായ വിവരങ്ങൾ നൽകി തങ്ങളുടെ കൈയിൽ നിന്നും പണം തട്ടിയതെന്ന് ഇരകൾ പറയുന്നു.

ഏകദേശം 2,200 ബഹ്റൈനി ദിനാർ ഇയാൾ വാങ്ങിയെന്നാണ് ഇരകളിൽ ഒരാളായ കെ. എസ്. അഭിലാഷ് പറഞ്ഞത്. പിന്നീട് ഏറ്റവും കടുപ്പമേറിയ നിബന്ധനകളുള്ള ഒരു പ്രവിശ്യയിലേക്ക് കുടിയേറ്റത്തിനുള്ള നിബന്ധന നൽകിക്കുകയായിരുന്നു. അപേക്ഷിച്ചതിന് ആറുമാസത്തിനകം റെസിഡൻസി പെർമിറ്റ് വാങ്ങിത്തരാമെന്നും ഇയാൾ വാഗ്ദാനം നൽകിയതായി അവർ പറയുന്നു. ഇപ്പോൾ അപേക്ഷ നൽകി ഒന്നര വർഷം കഴിഞ്ഞെന്നും, റെസിഡൻസി പെർമിറ്റോ അല്ലെങ്കിൽ തങ്ങൾ നൽകിയ പണമോ വേണമെന്നാണ് ഇരകൾ പറയുന്നത്.

കുടിയേറ്റത്തിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഒരു രേഖകളും പങ്കുവയ്ക്കാൻ ഇൻസ്റ്റിറ്റിയുട്ട് തയ്യാറാകുന്നില്ലെന്നും, നൽകിയ പണത്തിനുള്ള രസീതുൾപ്പടെ തന്ന രേഖകളെല്ലാം വ്യാജമായിരുന്നു എന്നും അവർ ആരോപിക്കുന്നു. ജർമ്മൻ നഴ്സിങ് കൗൺസിലുമായി ബന്ധപ്പെട്ടപ്പോൾ, തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ട്രാൻസ്ലേറ്റ് ചെയ്ത ഏജൻസി ഒരു അംഗീകൃത ഏജൻസി അല്ലെന്നും അതാണ് തങ്ങളുടെ അപേക്ഷകൾ നിരസിക്കാൻ കാരണമായതെന്നും അറിയാൻ കഴിഞ്ഞതായി അവർ പറഞ്ഞു.

തട്ടിപ്പിനിരയായവർ ഏറെയും മലയാളികൾ ആയതിനാൽ അവർ കേരള മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിട്ടുണ്ടെന്നും ഡെയ്ലി ട്രിബ്യുൺ പറയുന്നു. അതുപോലെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.