മനാമ: ബഹ്‌റൈൻ അറബ് ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ യാർഡ് (അസ്രി) കമ്പനിയിലെ സബ് കോണ്ട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം സംഘടിപ്പിച്ചു.

രാവിലെ പതാകയുയർത്തലിനു ശേഷം സംഘടിപ്പിച്ച കായികമൽസരങ്ങളിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ്, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ പങ്കെടുത്തത് വ്യത്യസ്തതയാർന്നു.

ഇതിന്റെ ഭാഗമായി അസ്രി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരത്തിൽ നയിം പ്രിമാചർ ടീം ഒന്നാം സമ്മാനവും ഐ ആൻഡ് പി ടീം രണ്ടാം സ്ഥാനവും നേടി. ഒന്നാം സമ്മാനം നേടിയ ടീമിന് ബിഎഫ്‌സി ഗ്രൂപ്പ് സ്‌പോൺസർ ചെയ്ത എവർ റോളിങ് ട്രോഫിയും ക്ലാസിക് കാർഗോ നൽകിയ കാഷ് അവാർഡും സമ്മാനിച്ചു. വടംവലി മത്സരത്തിൽ പത്തു ടീമുകൾ പങ്കെടുത്തു.

ജനറൽ കൺവീനർ ഗോവിന്ദരാജനെ ചടങ്ങിൽ ആദരിച്ചു. ബിഎഫ്‌സി ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജർ പ്രഭ്ജിത് ജൊഹാൽ സിങ്, അൽറീം ഗേറ്റ് കൺസ്ട്രക്ഷൻസ് ചെയർമാൻ മൊഹ്‌സിൻ മുഹമ്മദ് അൽ ജാംറി, ക്ലാസിക് കാർഗോ ഡയറക്ടർ മുനീർ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. തുടർന്ന് ഗാനമേള, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഗോവിന്ദരാജ്, വിശ്വനാഥൻ, അനിൽ, ബിബിത്, ബി തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.