മനാമ : പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് ബഹ്‌റിൻ. ഇക്കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 23ാം സ്ഥാനവുമുണ്ട് ബഹ്‌റിന്.

പ്രവാസി തൊഴിലാളികൾക്ക് ആസ്വാദ്യകരമായ ജീവിതാന്തരീക്ഷം നൽകുന്ന കാര്യത്തിൽ രാജ്യങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനായി ഇന്റർനാഷൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 200 രാജ്യങ്ങളിൽ നിന്നായി 1400ഓളം പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.

പ്രധാനമായും പ്രവാസി താമസിക്കുന്ന രാജ്യത്തെ ജീവിത ചെലവുകൾ, ദൈനംദിന ചെലവുകൾ, കുടുംബത്തിന്റെ വരുമാനം, സ്ഥലവില, വിദ്യാഭ്യാസത്തിനും ഗതാഗതതിനുമുള്ള ചെലവ്, തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്.

പ്രവാസികളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ രാജ്യത്തിന് ലഭിച്ച ഉയർന്ന റാങ്ക്, നിയമങ്ങളുടെ കൃത്യമായി നടപ്പാക്കിയതിന്റെ ഫലമാണെന്ന് തൊഴിൽസാമൂഹ്യ വികസനവകുപ്പ് മന്ത്രി ജമീൽ ഹുമൈദൻ അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ ലേബർ ഓർഗൈനസേഷൻ (കഘഛ) നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ സംരക്ഷിക്കാൻ രാജ്യം ഇപ്പോഴും ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.