മനാമ: അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 82 ഓളം  ഇന്ത്യക്കാർ ആണ് വിവിധ കേസുകളിലായി ബഹ്‌റൈനിൽ ജയിൽശിക്ഷ അനുഭവിക്കുന്നതെന്ന് ഇന്ത്യൻ എംബസി അധികൃതർ ഓപൺ ഹൗസിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യാത്രാ നിരോധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കേസുകളാണ് തീർപ്പ് കൽപിക്കാനായുള്ളത്. കഴിഞ്ഞ മാസം രണ്ട് കേസുകൾ പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി

യാത്രാ നിരോധനം ഇന്ത്യക്കാരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും  ഇക്കാര്യത്തിൽ ബഹ്‌റൈൻ അധികൃതരുമായി ബന്ധപ്പെട്ട് ശാശ്വത
പരിഹാരത്തിന് ശ്രമം നടത്തുന്നുണ്ടെന്നും അംബാസഡർ ഡോ. മോഹൻകുമാർ കൂട്ടിച്ചേർത്തു.

ഈ മാസം 14ന് നടക്കുന്ന 'സ്‌പെക്ട്ര' കലോത്സവം വിജയകരമായി നടത്താൻ സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ ബഹ്‌റൈനിലെ പുരാതനമായ ഇന്ത്യൻ കുടുംബങ്ങളിൽ സന്ദർശനം നടത്തിയത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.